Join News @ Iritty Whats App Group

അബ്ദുറഹീമിന്റെ സൗദിയിലെ ജയില്‍വാസം ഇന്നലെ വൈകീട്ടോടെ തന്നെ അവസാനിച്ചു; ഇനി കടക്കേണ്ടത് ഒരൊറ്റ കടമ്പ മാത്രം; മകന്റെ മോചനം കാത്ത് പ്രതീക്ഷയോടെ ആ കുടുംബം

അബ്ദുറഹീമിന്റെ സൗദിയിലെ ജയില്‍വാസം ഇന്നലെ വൈകീട്ടോടെ തന്നെ അവസാനിച്ചു; ഇനി കടക്കേണ്ടത് ഒരൊറ്റ കടമ്പ മാത്രം; മകന്റെ മോചനം കാത്ത് പ്രതീക്ഷയോടെ ആ കുടുംബം


റിയാദ്: വധശിക്ഷയില്‍ നിന്ന് ഒഴിവായി മോചനം കാത്ത് സൗദി അറേബ്യയിലെ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ ജയില്‍ മോചനം സംബന്ധിച്ച സുപ്രധാന കാര്യങ്ങളില്‍ ഇന്ന് വ്യക്തത വന്നേക്കും.


റഹീമിന്റെ ജയില്‍ മോചന ഉത്തരവില്‍ ഇന്ന് തന്നെ ബന്ധപ്പെട്ട അധികൃതർ ഒപ്പിട്ടേക്കുമെന്നാണ് റിയാദില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് (സൗദി സമയം രാവിലെ 9.30) അവിടെ ജയില്‍ ഓഫീസ് പ്രവൃത്തിസമയം ആരംഭിക്കുന്നത്. ഇന്ന് മോചന ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങും എന്ന വലിയ പ്രതീക്ഷയിലാണ് റഹീമിന്റെ നാട്ടിലെ കുടുംബവും അദ്ദേഹത്തിനായി രൂപീകരിച്ച നിയമ സഹായ സമിതിയും. ഇന്നലെ വൈകീട്ടോടെ അബ്ദുറഹീമിന്റെ ഇരുപത് വർഷം നീണ്ടുനിന്ന ജയില്‍വാസം പൂർത്തിയായിരുന്നു. അത്രമേല്‍ നീണ്ട കാത്തിരിപ്പിനാണ് ഇന്ന് ശുഭസമാപ്തിയാകാൻ പോകുന്നത്.

വരാനിരിക്കുന്ന വലിയ പെരുന്നാള്‍ അവധിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളോ മറ്റ് ഭരണപരമായ തടസ്സങ്ങളോ ഉണ്ടാകാതിരുന്നാല്‍ ഇന്ന് തന്നെ റഹീമിന് ജയിലിന് പുറത്തിറങ്ങി നാട്ടിലേക്ക് മടങ്ങാനാകുമെന്നാണ് റിയാദിലെയും നാട്ടിലെയും ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.

ജയില്‍ മോചിതനാകുന്ന മുറയ്ക്ക് ഇന്ത്യൻ എംബസി വഴി ഔദ്യോഗിക നടപടികള്‍ വേഗത്തിലാക്കി റഹീമിനെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാനാണ് സമിതിയുടെയും റിയാദിലെ സാമൂഹിക പ്രവർത്തകരുടെയും നീക്കം. ഇതിനായി എക്സിറ്റ് വിസ ഉള്‍പ്പെടെയുള്ള ആവശ്യമായ യാത്രാ രേഖകള്‍ തയ്യാറാക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ജയില്‍ മോചന ഉത്തരവ് വരുന്നതോടെ ഈ നടപടിക്രമങ്ങളെല്ലാം അടിയന്തരമായി പൂർത്തിയാക്കാൻ സാധിക്കും.

സൗദി അറേബ്യയിലെ സ്പോണ്‍സറുടെ മകനും ഭിന്നശേഷിക്കാരനുമായ അനസ് അല്‍ ഫായിസ് എന്ന സൗദി ബാലൻ അബദ്ധത്തില്‍ മരിച്ച കേസിലാണ് 2006 നവംബറില്‍ അബ്ദുറഹീം ജയിലിലാകുന്നത്. ഡ്രൈവർ ആയും കുട്ടിയുടെ പരിചാരകനായും ജോലി നോക്കിയിരുന്ന റഹീമിന്റെ കൈകളില്‍ നിന്നും അബദ്ധവശാല്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിന്റെ ട്യൂബ് ഊരിപ്പോയതായിരുന്നു മരണ കാരണം.

തുടർന്ന് നീണ്ട വിചാരണക്കൊടുവില്‍ 2012-ല്‍ റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍, റഹീമിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതോടെ ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിക്കുകയും, കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട 34 കോടിയിലേറെ ഇന്ത്യൻ രൂപ (15 മില്യണ്‍ സൗദി റിയാല്‍) ദിയാധനമായി (ബ്ലഡ് മണി) സമാഹരിച്ച്‌ നല്‍കുകയുമായിരുന്നു. ചരിത്രപരമായ ഈ കാരുണ്യക്കൂട്ടായ്മയിലൂടെ തുക കൈമാറിയതിനെ തുടർന്നാണ് റഹീമിന്റെ വധശിക്ഷ കോടതി ഔദ്യോഗികമായി റദ്ദാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group