സംസ്ഥാനത്ത് ജൂൺ 9 മുതൽ 52 ദിവസം ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒൻപതുമുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ തീരുമാനം. ജൂലൈ 31 അർധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായാണ് മൺസൂൺ കാലത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്.</p><p>പരമ്പരാഗത മോട്ടോർ ഘടിപ്പിച്ചിട്ടില്ലാത്ത മത്സ്യബന്ധന ബോട്ടുകളെ ട്രോളിങ് നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അനധികൃത മത്സ്യബന്ധനം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ്
ഉൾനാടൻ മത്സ്യബന്ധനമേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യസംരക്ഷണത്തിനും ഫിഷറീസ് വകുപ്പ് മൺസൂൺ കാലയളവിൽ അനധികൃത മത്സ്യബന്ധന രീതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി മത്സ്യങ്ങൾ നടത്തുന്ന ഊത്തകയറ്റം എന്നതിനോട് അനുബന്ധിച്ചു പ്രാദേശികമായി നടത്തുന്ന അനധികൃത മത്സ്യബന്ധനരീതിയായ ഊത്തപിടുത്തം സർക്കാർ നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്.
കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് 2010 പ്രകാരം പ്രത്യുൽപാദനക്ഷമതയുള്ള മത്സ്യങ്ങളെ പൊതുജലാശയത്തിൽനിന്ന് ഏതെങ്കിലും വലയോ ഉപകരണമോ ഉപയോഗിച്ച് പിടിക്കുന്നതും വിപണനം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. കൂടാതെ, സ്വാഭാവിക ജലാശയങ്ങളുടെ പാരിസ്ഥിതികാവസ്ഥയെ തടസപ്പെടുത്തുന്നതും സ്‌ഫോടകവസ്തുക്കളോ നഞ്ചോ വൈദ്യുതിയോ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും നശീകരണവും കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതുജലാശയങ്ങളുടെ സ്വാഭാവിക ഒഴുക്കിനും മത്സ്യത്തിന്റെ സഞ്ചാരത്തിനും ഒഴുക്കിനും തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിർമിതികൾ, കൂടുകൾ ഖര, ദ്രവ രൂപത്തിലുള്ള മലിനവസ്തുക്കൾ, രാസവസ്തുക്കൾ, കീടനാശിനികൾ, പ്ലാസ്റ്റിക് നിക്ഷേപിക്കൽ എന്നിവയും നിരോധിച്ചു.
രജിസ്ട്രേഷൻ, ലൈസൻസ് ഇല്ലാതെയുള്ള മത്സ്യബന്ധനം, 20 എംഎംൽ കുറവുള്ള കണ്ണിവലുപ്പമുള്ള വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, മത്സ്യസങ്കേതങ്ങളിൽ അനുമതിയില്ലാതെ കടന്നു മത്സ്യബന്ധനം നടത്തുന്നത്, മല്ലിക്കക്ക ശേഖരണം എന്നിവയും ഈ ആക്ട് പ്രകാരം കുറ്റകരവും ആറ് മാസം തടവും 15000 രൂപ പിഴയും ഈടാക്കുന്നതാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്. ഇത്തരത്തിലുള്ള മത്സ്യബന്ധനരീതികൾ ശ്രദ്ധയിൽ പെട്ടാൽ ഉൾനാടൻ ആക്ട് പ്രകാരം കർശനനടപടികൾ സ്വീകരിക്കുന്നതാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
إرسال تعليق