ജൂൺ ഒന്നിന് വീട്ടമ്മമാർ കണികണ്ടുണരുന്ന മിൽമ പാൽവില കൂടും; ലിറ്ററിന് 4 രൂപ വർധന; തൈരിന് കിലോയ്ക്ക് 10 രൂപ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാല് രൂപയാണു വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. മറ്റു പാൽ ഉത്പന്നങ്ങൾക്ക് വരുംദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്.
പാൽ കവറുകളിൽ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മിൽമ അറിയിച്ചു.
ക്ഷീരകർഷകരുടെ ചെലവ് വർധിച്ച സാഹചര്യത്തിലാണു പാൽവില കൂട്ടുന്നത്. ലിറ്ററിന് നാല് രൂപ കൂട്ടുമ്പോൾ മൊത്തം വർധനയുടെ 83.75 ശതമാനം തുക (3.35 രൂപ) കർഷകർക്കു ലഭിക്കുമെന്നും മിൽമ അറിയിച്ചു. അതേസമയം ഈ തുക അപര്യാപ്തമാണെന്നാണു ക്ഷീരകർഷകരുടെ വാദം. ഏറ്റവും ഒടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് വർധിപ്പിച്ചത് ലിറ്ററിന് ആറ് രൂപയാണ്.
500 മില്ലിയുടെ ഡബിൾ ടോൺഡ് മിൽക് (മഞ്ഞ കവർ) 27 രൂപയാണ് പുതുക്കിയ വില. 525 മില്ലി ഹോമോജനൈസ്ഡ് ടോൺഡ് മിൽക് (നീല കവർ) 30 രൂപയും 500 മില്ലി ഹോമോജനൈസ്ഡ് മിൽമ പ്രൈഡ് (ഓറഞ്ച് കവർ) പാലിന് 30 രൂപയും 500 മില്ലി മിൽമ റിച്ച് സ്റ്റാൻഡേഡൈസ്ഡ് മിൽക് (പച്ച കവർ) 32 രൂപയും ഒരു ലിറ്റർ ബോട്ടിൽ കൗ മിൽക് 75 രൂപയായുമാണ് വർധിപ്പിച്ചത്. 525 ഗ്രാം ക്ലാസിക് തൈരിന് 40 രൂപയും 500 ഗ്രാം എലൈറ്റ് തൈരിന് 45 രൂപയുമായാണ് വർധന.
Post a Comment