Join News @ Iritty Whats App Group

നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; ആസൂത്രിത നീക്കമെന്ന് സംശയിച്ച് ഗ്രൂപ്പുകൾ

നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; ആസൂത്രിത നീക്കമെന്ന് സംശയിച്ച് ഗ്രൂപ്പുകൾ


കൽപ്പറ്റ: മുഖ്യമന്ത്രി തർക്കം രൂക്ഷമാകുന്നതിനിടെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേരളത്തിൽ പോസ്റ്റർ പ്രതിഷേധം ഉയർന്നത് ഹൈക്കമാൻഡിനെ ഞെട്ടിക്കുന്നതായിരുന്നു. വയനാട് ഡി സി സി ഓഫീസിന് സമീപത്തും കോഴിക്കോട് മുക്കത്തെ പ്രിയങ്കയുടെ ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ വയനാട് ഡി സി സി ഓഫീസിന് സമീപത്ത് പോസ്റ്റർ ഒട്ടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്. പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3:00 മണിക്കാണെന്നാണ് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിരിക്കുന്നത്. എന്നാൽ സി സി ടി വി ദൃശ്യങ്ങളിൽ ഒട്ടിച്ച ആളുടെ മുഖം വ്യക്തമല്ല. ഇക്കാര്യത്തിൽ കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നതോടെ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് ഡി സി സി നേതൃത്വം പ്രതീക്ഷിക്കുന്നത്. അതേസമയം രാഹുലിനും പ്രിയങ്കക്കുമെതിരെ കേരളത്തിലുയരുന്ന പോസ്റ്റർ പ്രതിഷേധത്തിന്‍റെ ഉദ്ദേശലക്ഷ്യത്തിൽ ആശയകുഴപ്പത്തിലാണ് നേതൃത്വം. ഈ നീക്കത്തിന് പിന്നിൽ ആസൂത്രിത നീക്കമെന്നാണ് ഗ്രൂപ്പുകളുടെ സംശയം. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിൽ ആക്കാൻ ഉള്ള വി ഡി ഗ്രൂപ്പിന്‍റെ നീക്കം എന്നാണ് കെ സി ക്യാമ്പിന്‍റെ സംശയം. ഗാന്ധി കുടുംബത്തെ സതീശന് എതിരാക്കാൻ ഉള്ള നീക്കമെന്നാണ് വി ഡി ഗ്രൂപ്പിന്‍റെ സംശയം.

ഹൈക്കമാൻഡിനുള്ള മുന്നറിയിപ്പ്?

പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലാണ് ഹൈക്കമാൻഡിനെതിരെ പോസ്റ്റർ പ്രതിഷേധം എന്നത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. കെ സി വേണുഗോപാലിന്‍റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് കൽപ്പറ്റയിലും കോഴിക്കോട് മുക്കത്തും രാഹുലിനും പ്രിയങ്കക്കുമെതിരെ ഇംഗ്ലിഷിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വയനാട് ഡി സി സി ഓഫീസിന് സമീപമാണ് ആദ്യം പോസ്റ്ററുകൾ കണ്ടത്. പിന്നാലെ മുക്കം നോർത്ത് കാരശ്ശേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഓഫിസിനു മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്ത് എ ഐ സി സി സംഘടന ജനറൽ കെ സി വേണുഗോപാലിനെ പിന്തുണച്ചാൽ കേരളത്തിലെ ജനങ്ങൾ മാപ്പ് തരില്ലെന്നും, വയനാട് ഇനി അടുത്ത അമേഠിയായി മാറുമെന്നുമാണ് പോസ്റ്ററുകൾ മുന്നറിയിപ്പ് നൽകുന്നത്. മുഖ്യമന്ത്രിയായി കെ സിയെ പ്രഖ്യാപിച്ചാൽ ഹൈക്കമാൻഡിനെതിരെയും പ്രതിഷേധം ശക്തമാകുമെന്ന സന്ദേശം കൂടിയാണ് പോസ്റ്റർ രോഷപ്രകടനം നൽകുന്നതെന്നും വിലയിരുത്തലുകളുണ്ട്. അതേസമയം കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനായേക്കും. ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കുമെന്നാണ് സൂചന. ഇതോടെ കേരളത്തിനൊപ്പം ആകാംക്ഷയിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകൾ.

Post a Comment

Previous Post Next Post
Join Our Whats App Group