ദുബായിൽ നിന്ന് പറന്നുയർന്ന് 20 മിനിറ്റിനകം എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിൽ അപ്രതീക്ഷിത സംഭവം, പരിഭ്രാന്തിക്കിടെ മാലാഖയായി അഖില
ദുബായ്: ദുബായിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം. വിമാനം പുറപ്പെട്ട് 20 മിനിറ്റ് തികയും മുൻപേ ആകെ പരിഭ്രാന്തി. 32 വയസ്സുകാരനായ ഒരു പ്രവാസി യാത്രികൻ പെട്ടെന്ന് സീറ്റിലേക്ക് കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഭയന്നുവിറച്ച യാത്രക്കാർ എന്തുചെയ്യണമെന്നറിയാതെ നിന്ന നിമിഷം രക്ഷകയായത് ഒരു നഴ്സ്. റാസൽഖൈമ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ അഖില ഓവിയൻ നീലകണ്ഠൻ എന്ന തമിഴ്നാട്ടുകാരിയാണ് ശരിക്കും മാലാഖയായി മാറിയത്.
മെയ് 12ന് ദുബായിൽ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം ഉണ്ടായത്. തന്‍റെ ജീവിതത്തിലെ രണ്ടാമത്തെ മാത്രം വിമാനയാത്രയായിരുന്നു അഖിലയുടേത്. ആദ്യമായി അവധിക്ക് നാട്ടിലേക്ക് പോവുകയായിരുന്ന അഖില വിമാനത്തിന്റെ പിന്നിലെ സീറ്റിലായിരുന്നു. വിമാനത്തിൽ ഡോക്ടർമാരോ നഴ്സുമാരോ ഉണ്ടോ എന്ന ക്യാബിൻ ക്രൂവിന്റെ അടിയന്തര അനൗൺസ്മെന്‍റ് കേട്ടയുടൻ അഖില മുന്നോട്ട് വരികയായിരുന്നു. അഖില രോഗിയുടെ അടുത്തെത്തുമ്പോൾ അയാൾ വിളിച്ചിട്ട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശ്വാസമെടുക്കുന്നുണ്ടായിരുന്നെങ്കിലും ബോധരഹിതനായിരുന്നു. തുടർന്ന് ശരീരം വിറയ്ക്കാനും കൈകാലുകൾ ഇളകാനും തുടങ്ങി.
യാത്രക്കാർ പരിഭ്രാന്തരായെങ്കിലും അഖില ശാന്തത കൈവിട്ടില്ല. വിമാനത്തിൽ മറ്റൊരു ഡോക്ടറും ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് കൂടുതൽ സ്ഥലസൗകര്യത്തിനായി രോഗിയെ വിമാനത്തിന്റെ മുൻഭാഗത്തേക്ക് മാറ്റി. വിമാനത്തിൽ മെഡിക്കൽ സാമഗ്രികൾ വളരെ കുറവായിരുന്നു. ബ്ലഡ് ഷുഗർ നോക്കാനുള്ള മെഷീൻ പോലും ലഭ്യമായിരുന്നില്ല.
ഡോക്ടറുടെ നിർദ്ദേശപ്രകാരം അഖില രോഗിക്ക് ഐവി ഇട്ടു. പൾസ് കുറയുകയും ബിപി കൂടുകയും ചെയ്ത രോഗിയെ പുതപ്പുകൊണ്ട് മൂടുകയും കൈകാലുകൾ തിരുമ്മി ചൂടാക്കുകയും ചെയ്തു. കുറഞ്ഞ രക്തസമ്മർദ്ദവും അപസ്മാരവുമാകാം കാരണമെന്ന് അഖില സംശയിച്ചു. ഇലക്ട്രോലൈറ്റ് സപ്പോര്‍ട്ടും ഐവി ഫ്ലൂയിഡുകളും നൽകിയതോടെ രണ്ട് മണിക്കൂറിന് ശേഷം രോഗി ബോധം വീണ്ടെടുത്തു.
ബോധം വന്ന രോഗിക്ക് അഖില ജ്യൂസ് നൽകി. പിന്നീട് തന്‍റെ സീറ്റിലേക്ക് മടങ്ങിയെങ്കിലും വീണ്ടും വന്ന് ‘ഇപ്പോൾ എങ്ങനെയുണ്ട് സഹോദരാ?’ എന്ന് അന്വേഷിച്ചു. ‘ഇപ്പോൾ കുഴപ്പമില്ല സഹോദരി’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇന്ത്യയിൽ വിമാനം ലാൻഡ് ചെയ്തയുടൻ കാത്തുനിന്ന അടിയന്തര മെഡിക്കൽ സംഘത്തിന് രോഗിയെ കൈമാറി. അടിയന്തര സാഹചര്യത്തിൽ ഒരു ജീവൻ രക്ഷിച്ച അഖിലയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ വിമാനത്തിൽ വെച്ച് തന്നെ നന്ദിസൂചകമായി കൈപ്പടയിൽ എഴുതിയ പ്രശംസാപത്രവും കൈമാറി.
إرسال تعليق