ഇടിത്തീയായി പാചക വാതക വില; 19 കിലോ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ
ദില്ലി: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അതേസമയം ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല
ഇന്നത്തെ വർധനവോടെ വാണിജ്യ സിലിണ്ടറിന് 3085 രൂപയാണ് കൊച്ചിയിലെ പുതിയ വില. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117 രൂപയുമായി. ദില്ലിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071.50 രൂപയായും മുംബൈയിൽ 3024 രൂപയായും ഉയർന്നു. തുടർച്ചയായുണ്ടാകുന്ന ഈ വിലവർധനവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവയെ സാരമായി ബാധിക്കും. പ്രവർത്തനച്ചെലവ് കുത്തനെ ഉയരുന്നതോടെ വിലക്കയറ്റത്തിന് സാധ്യതയുണ്ട്. അതേസമയം പെട്രോൾ, ഡീസൽ വിലകളിൽ നിലവിൽ മാറ്റമില്ല. നിലവിൽ പ്രീമിയം പെട്രോൾ, അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയ്ക്ക് ആഗോള വിപണിക്ക് അനുസൃതമായി വില വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ തുടരുകയാണ്. ആവശ്യത്തിന് ക്രൂഡ് ഓയിൽ സ്റ്റോക്കുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
പാചകവാതക ബുക്കിംഗിൽ മാറ്റങ്ങൾ
അതിനിടെ മെയ് 1 മുതൽ ഗാർഹിക പാചകവാതക ബുക്കിംഗിൽ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നു. നഗരപ്രദേശങ്ങളിൽ ഇനി മുതൽ 25 ദിവസത്തിലൊരിക്കൽ മാത്രമേ സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ ഇത് 21 ദിവസമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമാണ്. അനുവദിച്ച സമയപരിധിക്ക് മുമ്പുള്ള ബുക്കിംഗുകൾ സിസ്റ്റം സ്വയം ബ്ലോക്ക് ചെയ്യും. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികൾ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.
ഗ്യാസ് വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഡെലിവറി ഓതന്റിക്കേഷൻ കോഡ് സംവിധാനം കർശനമാക്കി. സിലിണ്ടർ കൈപ്പറ്റുന്ന സമയത്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി വിതരണക്കാരനെ അറിയിക്കണം. ഫിസിക്കൽ ബ്ലൂ ബുക്കോ രസീതോ മാത്രം കാണിച്ച് ഇനി മുതൽ സിലിണ്ടർ വാങ്ങാൻ കഴിയില്ല. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടികൾ നടപ്പിലാക്കുന്നത്.
Post a Comment