പുണ്യഭൂമിയിൽ അണിനിരക്കുന്നത് 18 ലക്ഷത്തിലധികം തീർഥാടകർ; വിശുദ്ധ ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ 'അറഫ സംഗമം' ഇന്ന്
റിയാദ്: ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ നിന്നുമായെത്തിയ 18 ലക്ഷത്തിലധികം വരുന്ന ഹജ്ജ് തീർഥാടകർ ഇന്ന് (ചൊവ്വാഴ്ച) ചരിത്രപ്രസിദ്ധമായ അറഫാ മൈതാനിയിൽ സംഗമിക്കും. ഹജ്ജിന്‍റെ ആത്മാവായി മാറുന്ന ഈ പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വിശ്വാസികളുടെ മഹാപ്രവാഹത്തെ വരവേറ്റുകൊണ്ട് അറഫാ മൈതാനം പൂർണ സജ്ജമായിക്കഴിഞ്ഞു.
ഹജ്ജിന്‍റെ പരമപ്രധാനമായ ചടങ്ങായ അറഫാ സംഗമത്തിനായി, ലോക മുസ്ലിംകളുടെ പ്രതിനിധികളായി ഒത്തുചേരുന്ന ഹാജിമാർ ‘ലബ്ബൈക്ക് അല്ലാഹുമ്മ ലബ്ബൈക്ക്’ എന്ന തൽബിയത്ത് മന്ത്രധ്വനികളാൽ പുണ്യഭൂമിയെ ആത്മീയസാന്ദ്രമാക്കും. ചൊവ്വാഴ്ച നമിറാ പള്ളിയിൽ നടക്കുന്ന അറഫാ പ്രഭാഷണത്തോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമാവുക.
പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ വിടവാങ്ങൽ പ്രസംഗത്തെ അനുസ്മരിച്ചുകൊണ്ട് നടക്കുന്ന ഈ വർഷത്തെ അറഫാ പ്രഭാഷണത്തിന് മദീനയിലെ പ്രമുഖ പണ്ഡിതനും പ്രവാചക പള്ളിയിലെ ഇമാമുമായ ഡോ. അഹ്മദ് അൽ ഹുദൈഫി നേതൃത്വം നൽകും. മലയാളം ഉൾപ്പെടെ 50 ഓളം ലോക ഭാഷകളിൽ ഈ പ്രഭാഷണം തത്സമയം വിവർത്തനം ചെയ്ത് ലഭ്യമാക്കാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സൗദി അധികൃതർ ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച രാത്രി മുതൽ മിനാ താഴ്‌വരയിൽ തങ്ങിയിരുന്ന തീർഥാടക ലക്ഷങ്ങൾ പുലർച്ചെയോടെ തന്നെ അറഫാ മൈതാനം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. മധ്യാഹ്നം മുതൽ സൂര്യാസ്തമയം വരെയാണ് അറഫയിലെ പ്രധാന സമ്മേളനം. പ്രഭാഷണത്തിന് ശേഷം ളുഹർ, അസർ നമസ്കാരങ്ങൾ ഒരുമിച്ച് ചുരുക്കി നിർവഹിക്കുന്നതോടെ തീർഥാടകർ പൂർണമായും ദൈവസ്മരണയിലും പാപമോചന പ്രാർഥനകളിലും മുഴുകും.
ചൊവ്വാഴ്ച സൂര്യാസ്തമയത്തോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും. തുറന്ന ആകാശത്തിന് കീഴിൽ രാത്രി അവിടെ വിശ്രമിക്കും. ബുധനാഴ്ച പുലർച്ചെ ജംറയിലെത്തി പിശാചിെൻറ പ്രതീകത്തിന് കല്ലെറിയുകയും മുടി മുറിക്കുകയും ചെയ്യുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് അർദ്ധവിരാമമാകും. തുടർന്ന് മിനായിലെ കൂടാരങ്ങളിലേക്ക് മടങ്ങുന്ന തീർഥാടകർ വരും ദിവസങ്ങളിൽ ബാക്കി കർമങ്ങൾ പൂർത്തിയാക്കും.
إرسال تعليق