സ്കൂള്‍ ബസില്‍ ജീവനക്കാരെ നിയമിക്കല്‍: 15 ഇനം നിബന്ധനകള്‍ പാലിക്കണമെന്ന്പൊതുവിദ്യാഭ്യാസ വകുപ്പ്
കൊച്ചി: പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂള്‍ വാഹനങ്ങളില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ 15 ഇന നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂള്‍ വാഹന ജീവനക്കാരെ നിയമനത്തിന് മുമ്പ് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) നിര്‍ബന്ധമാക്കണം.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്കൂള്‍ വാഹന സേവനത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുക. മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസുകളില്‍ ഉള്‍പ്പെട്ടവരെയും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരെയും, ഗുരുതര ട്രാഫിക് നിയമലംഘന ചരിത്രമുള്ളവരെയും ഒരു കാരണവശാലും സ്കൂള്‍ വാഹനങ്ങളില്‍ ജോലിക്ക് നിയോഗിക്കരുത്.
പിസിസി ഇല്ലാത്ത ജീവനക്കാരെ സ്കൂള്‍ വാഹനങ്ങളില്‍ നിയമിക്കുന്ന സ്കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്ന നിബന്ധന കര്‍ശനമായി പാലിക്കുന്നുവെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. സ്കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് മൂന്ന് മാസത്തിലൊരിക്കല്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്ക് വിധേയമാക്കണം.
എല്ലാ സ്കൂള്‍ വാഹനങ്ങളിലും, പ്രത്യേകിച്ച് എല്‍കെജി- യുകെജി, പ്രൈമറി തലത്തിലുള്ള കുട്ടികള്‍ യാത്ര ചെയ്യുന്ന ബസുകളില്‍, പരിശീലനം ലഭിച്ച വനിതാ അറ്റന്‍ഡന്റുമാരുടെ നിര്‍ബന്ധിത സാന്നിധ്യം ഉറപ്പാക്കണം.
കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യം ചെയ്യല്‍, അപകടങ്ങള്‍ ഉണ്ടാകുന്ന പക്ഷം പ്രാഥമിക ശുശ്രൂഷ നല്കല് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലെ പരിചരണം എന്നീ വിഷയങ്ങളില്‍ സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് കാലാനുസൃത പരിശീലനങ്ങള്‍ ഉറപ്പുവരുത്തണം.
സ്കൂള്‍ വാഹനങ്ങളില്‍ സ്പീഡ് ഗവണറും സിസിടിവി കാമറകളും ഘടിപ്പിച്ച് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം എല്ലാ സ്കൂള്‍ വാഹനങ്ങളിലും ഉറപ്പുവരുത്തുക. ഡ്രൈവര്‍മാരുടെ പ്രഫഷണല്‍ കഴിവ്, മുന്‍കാല ഡ്രൈവിംഗ് ചരിത്രം, സാമൂഹിക പെരുമാറ്റം എന്നിവ നിര്‍ബന്ധമായും വിലയിരുത്തി മാത്രം നിയമനം നടത്തുക. സ്കൂള്‍ വാഹനങ്ങളില്‍ പ്രഥമ ശുശ്രൂഷാ സൗകര്യങ്ങള്‍ ഉണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തുക.
അധ്യയന വര്‍ഷത്തിനിടയില്‍ ജീവനക്കാര്‍ ഇടയ്ക്ക് ജോലി നിര്‍ത്തിപ്പോകുന്ന സാഹചര്യം കുറയ്ക്കാന്‍ ഒരു അധ്യയന വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ബസ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയ വിദ്യ വാഹന്‍ ആപ്പ് വഴി വാഹനത്തിന്റെ ലൈവ് ലൊക്കേഷന്‍ രക്ഷകര്‍ത്താക്കള്‍ക്ക് ട്രാക്ക് ചെയ്യുന്ന സംവിധാനം എല്ലാ സ്കൂള്‍ വാഹനങ്ങളിലും നടപ്പാക്കുക. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നല്‍കണം.
സ്കൂള്‍ തുറക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ യുമായി ബന്ധപ്പെട്ട് സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് കുട്ടികളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി ബോധവത്കരണം നടത്തുക. സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ സമയാ സമയങ്ങളില്‍ ചെയ്യുന്നത് ഉറപ്പുവരുത്തുക എന്നീ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
إرسال تعليق