ബംഗാളിൽ മോദിയും മമതയും നേർക്കുനേർ! കൊല്ലാൻ നോക്കുന്നോയെന്ന് മമതയുടെ ചോദ്യം, തൃണമൂൽ ഗുണ്ടകൾക്ക് കീഴടങ്ങാൻ അവസാന അവസരമെന്ന് മോദി
കൊൽക്കത്ത: പശ്ചിമബംഗാളിൽ ഒന്നാം ഘട്ട പരസ്യ പ്രചാരണം ആവേശക്കൊടുമുടിയിൽ. മറ്റന്നാൾ അവസാനിക്കുന്ന ഒന്നാം ഘട്ട പരസ്യ പ്രചാരണത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ദേശീയ നേതാക്കളും മുഖ്യമന്ത്രി മമത ബാനർജിയും ചേർന്ന് തീപിടിപ്പിക്കുകയാണ്. കേന്ദ്ര സർക്കാർ പദ്ധതികൾ ബംഗാളിൽ നടപ്പാക്കുന്നില്ലെന്ന ആരോപണമുയർത്തി മമത സർക്കാറിനെ ഇന്ന് രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, തൃണമൂലിന്റെ ഗുണ്ടകൾക്ക് കീഴടങ്ങാൻ അവസാന അവസരം നൽകുകയാണെന്നും മുന്നറിയിപ്പ് നൽകി. സുരക്ഷാ ഉദ്യോഗസ്ഥരെ അടക്കം തടഞ്ഞ് ബി ജെ പി തന്നെ കൊല്ലാൻ പദ്ധതിയിടുകയാണെന്നായിരുന്നു മമത ബാനർജിയുടെ തിരിച്ചടി. മമത ബാനർജിയുടെ വർഗീയ രാഷ്ട്രീയത്തിനിന് ഇരയാണ് താനെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
ആഞ്ഞടിച്ച് മോദിയും കേന്ദ്രമന്ത്രിമാരും
ഒന്നാം ഘട്ട വോട്ടെടുപ്പിന് നാല് നാൾ മാത്രം ശേഷിക്കേ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര നേതാക്കളുടെ പട തന്നെ ബംഗാളിലുണ്ട്. പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ് അടക്കമുള്ള നേതാക്കളും ഇന്ന് ബംഗാളിൽ പ്രചാരണത്തിനെത്തി. കേന്ദ്രസർക്കാർ പദ്ധതികളിലൂടെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾക്ക് ഗുണം ലഭിക്കുമ്പോൾ ബംഗാളിൽ എല്ലാം മമത സർക്കാർ നിഷേധിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് സമയത്തെ അക്രമങ്ങൾ ഓർമ്മപ്പെടുത്തിയ മോദി, തൃണമൂലിന്റെ ഒരൊറ്റ ഗുണ്ടയേയും ബി ജെ പി വന്ന ശേഷം വെറുതെ വിടില്ലെന്നും ബിഷ്ണുപൂരിലെ വിജയ സങ്കൽപ റാലിയിൽ പറഞ്ഞു. തൃണമൂൽ ഗുണ്ടകൾ ഇപ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒന്നിനെയും വെറുതെ വിടുമെന്ന് ആരും കരുതേണ്ടെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ബംഗാൾ വികാരമുയർത്തി മമത
അതേസമയം അവസാന ഘട്ടത്തിലും ബംഗാൾ വികാരം ഉയർത്തി തന്നെയാണ് ടി എം സി പ്രചാരണം. ബി ജെ പി വന്നാൽ ദില്ലിയിലിരുന്ന് ബംഗാൾ ഭരിക്കുമെന്നാണ് അമിത് ഷാ പറയുന്നതെന്നും, ബംഗാളി ഭാഷ പോലും മര്യാദയ്ക്ക് അറിയാത്തവരെ ജനം തള്ളികളയുമെന്നും, ബംഗാൾ ആരുടെയും കോളനിയല്ലെന്നും തൃണമൂൽ തിരിച്ചടിച്ചു. തന്റെ ഉദ്യോഗസ്ഥരുടെ വീടുകളില് കേന്ദ്ര ഏജന്സികൾ റെയ്ഡ് നടത്തുകയാണ്. അവരെ എന്നിൽ നിന്നും മാറ്റി നിർത്തി തന്നെ കൊല്ലാനാണ് ബി ജെ പി ശ്രമമെന്നും മമത പറഞ്ഞു. ടി എം സി സ്ഥാനാർത്ഥികളെ പ്രചാരണത്തിനിറങ്ങാൻ പോലും സമ്മതിക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ ക്രിക്കറ്റ് താരം യൂസഫ് പത്താനെ ഇറക്കിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെഹറാംപൂരിൽ മമത തോൽപിച്ചത്. 25 വർഷങ്ങൾക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ നോക്കുന്ന അധിർ രഞ്ജൻ ചൗധരിക്ക് ഇത് ജീവൻമരണ പോരാട്ടമാണ്. മമതയുടെ വർഗീയ രാഷ്ട്രീയത്തിന്‍റെ ഇരയാണ് താനെന്നാണ് അധിർ രഞ്ജൻ പ്രചാരണത്തിൽ ഉടനീളം പറയുന്നത്. മമത ബാനർജി പറഞ്ഞിട്ട് ഇവിടെ കലാപമുണ്ടാക്കിയെന്ന് സ്ഥാനാർത്ഥി തന്നെ പറയുന്നു, ഇത്തവണ കോൺഗ്രസ് തിരിച്ചുവരും. നാല് ജില്ലകളിൽ നേട്ടമുണ്ടാക്കുമെന്നും അധിർ കൂട്ടിച്ചേർത്തു.
Post a Comment