Join News @ Iritty Whats App Group

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനം; ആകാശത്ത് കരിമ്പുകയും ചിതറിത്തെറിച്ച ശരീരഭാഗങ്ങളും!

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനം; ആകാശത്ത് കരിമ്പുകയും ചിതറിത്തെറിച്ച ശരീരഭാഗങ്ങളും!


തൃശൂരിലെ മുണ്ടത്തിക്കോട്ട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി സതീഷിന്റെ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം നാടിനെ നടുക്കി.

പൂരപ്പെരുമയുടെ വിസ്മയമൊരുക്കാൻ തയ്യാറെടുപ്പുകള്‍ നടക്കുന്ന വെടിക്കെട്ട് പുരയില്‍ കരിമരുന്നിന് തീപിടിച്ചതാണ് വൻ ദുരന്തത്തിന് ഇടയാക്കിയത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനം കിലോമീറ്ററുകളോളം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിത്തെറിച്ച നിലയിലായിരുന്നു.

രണ്ടര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന അഞ്ച് താല്‍ക്കാലിക വെടിക്കെട്ട് പുരകളിലാണ് സ്ഫോടനം നടന്നത്. അപകടസമയത്ത് ഏകദേശം 40 ഓളം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നതായാണ് വിവരം. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉള്‍പ്പെടെയുള്ളവർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുണ്ടത്തിക്കോട് വയലിന് നടുവില്‍ ഒരു ദ്വീപ് പോലെ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു വെടിക്കെട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടേക്ക് കൃത്യമായ റോഡ് സൗകര്യം ഇല്ലാത്തത് രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കി. ഫയർ ഫോഴ്സ് യൂണിറ്റുകള്‍ക്കും ആംബുലൻസിനും സംഭവസ്ഥലത്തേക്ക് നേരിട്ട് എത്താൻ കഴിഞ്ഞില്ല. തുടർന്ന് സമീപത്തെ മതില്‍ തകർത്താണ് അഗ്നിശമന സേന അകത്തേക്ക് പ്രവേശിച്ചത്. ആദ്യ സ്ഫോടനത്തിന് ശേഷവും തുടർ സ്ഫോടനങ്ങള്‍ നടന്നുകൊണ്ടിരുന്നത് രക്ഷാപ്രവർത്തകരെ ഏറെ നേരം തടസ്സപ്പെടുത്തി.

സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകരുകയും റോഡിലൂടെ പോയ വാഹനങ്ങള്‍ കുലുങ്ങുകയും ചെയ്തു. മൃതദേഹഭാഗങ്ങള്‍ സമീപത്തെ വയലുകളിലും വീടിന്റെ മുകളിലും ചിതറി വീണ കാഴ്ച അതീവ ഹൃദയഭേദകമായിരുന്നു.

തൃശൂർ പൂരത്തിന് വാനില്‍ വർണ്ണവിസ്മയം തീർക്കേണ്ടിയിരുന്ന വെടിക്കെട്ട് സാമഗ്രികളാണ് ഇന്ന് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group