ജാതിയുടെ പേരിൽ നിതിൻ രാജിനെ അപമാനിച്ചതിന് തെളിവില്ല, ഡോ. റാമിന്റെ പെരുമാറ്റം മോശം; മുൻകൂര്‍ ജാമ്യ വിധിയുടെ വിശദാംശങ്ങള്‍
കണ്ണൂര്‍: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്‍റെ മരണത്തിൽ രണ്ടാം പ്രതി ഡോ.കെ.ടി.സംഗീത നമ്പ്യാർക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ചും വകുപ്പ് മേധാവി ഡോ.എം.കെ.റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചുമുള്ള വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. പ്രതികൾ നിതിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികളോട് ഉള്ള ഡോ. റാമിന്റെ പെരുമാറ്റം മോശമായിരുന്നുവെന്നും എന്നാൽ, അത് ജാതിയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വിധിയിൽ പറയുന്നു. നിതിൻ രാജ് ലോൺ ആപ്പുകാരുടെ ഭീഷണി കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.
പ്രിൻസിപ്പാളിന്‍റെ മുറിയിൽ വെച്ച് നടന്ന ചോദ്യം ചെയ്യലും, തുടർന്നുണ്ടായ സൈബർ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പ്രിൻസിപ്പലിന്റെ മുറിയുടെ സമീപം റാമിന്റെ സാന്നിധ്യവും വിദ്യാർത്ഥികളുടെ മൊഴികളുമടക്കം പ്രോസിക്യൂഷൻ വാദങ്ങൾ കോടതി ശരിവച്ചു. ഈ സാഹചര്യത്തിൽ റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. സംഗീത നമ്പ്യാർക്ക് എതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നും ലഭ്യമല്ലെന്നും ഇതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്നുമാണ് കോടതി ഉത്തരവിലുള്ളത്
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റ്ൽ കോളേജിലെ ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത് പതിനഞ്ചാം ദിവസമാണ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വരുന്നത്. ഒന്നാം പ്രതിയും വകുപ്പ് മേധാവിയുമായ ഡോ.എം.കെ.റാമിന്റെ മുൻകൂർ ജാമ്യം തളളിയ കോടതി രണ്ടാം പ്രതി ഡോ കെ ടി സംഗീത നമ്പ്യാർക്ക് ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസമായി ഒളിവിലാണ് ഇരുവരും. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. അതേസമയം, വിധിയിൽ തൃപ്തരല്ലെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും നിതിൻ രാജിന്‍റെ അച്ഛൻ വൈ എൽ രാജൻ പറഞ്ഞു. ഡോ എം കെ റാമും ഡോ സംഗീത നമ്പ്യാരും ഒരു പോലെ കുറ്റക്കാരെന്ന് കുടുംബം ആരോപിച്ചു.
ഇതിനിടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ലോൺ ആപ് നടത്തിപ്പുകാരെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിക്കുശേഷം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ജയിലേക്ക് അയച്ചു. കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം ഇൻസ്റ്റന്റ് ഫണ്ട്സിന്റെ നോയിഡയിലെ ഓഫിസിലേക്കു തിരിക്കും.
إرسال تعليق