താൻ ക്ലാസ് ടോപ്പറായ പ്രോഗ്രസ് റിപ്പോര്‍ട്ട് കാണാതെ ഹിഷാം യാത്രയായി; ഹിഷാമിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയറാക്കുമ്ബോള്‍ തന്നെ അവന്‍റെ മരണ വാര്‍ത്ത കേട്ട ഞെട്ടല്‍ മാറാതെ ശ്രീല ടീച്ചര്‍
പാങ്ങ് (മലപ്പുറം): വാല്‍പാറ വാഹനാപകടത്തില്‍ മരിച്ച എട്ടാംക്ലാസ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ഹിഷാം വാർഷിക പരീക്ഷയില്‍ ക്ലാസ് ടോപ്പർ.
ഹിഷാമിന്റെ പ്രോഗ്രസ് റിപ്പോർട്ട് തയാറാക്കിക്കൊണ്ടിരിക്കുമ്ബോള്‍ തന്നെ അവന്റെ മരണവാർത്ത കേട്ട ഞെട്ടലിലാണ് ശ്രീല ടീച്ചർ. താൻ ക്ലാസ് ടോപ്പറായ പ്രോഗ്രസ് റിപ്പോർട്ട് കാണാതെയാണ് ഹിഷാം മടങ്ങിയത്. ഹിഷാമിന്‍റെ പ്രോഗ്രസ് റിപ്പോർട്ടില്‍ ഒപ്പിടാൻ നില്‍ക്കാതെ ഉമ്മ സുഹ്റയും വിടപറഞ്ഞു. വാർഷിക പരീക്ഷയില്‍ 300ല്‍ 207 മാർക്കോടെ ആണ്‍കുട്ടികളിലെ ടോപ്പറാണ് ഹിഷാം. ഗണിതത്തില്‍ 40ല്‍ 39ഉം അറബിയില്‍ 40ല്‍ 40ഉം മാർക്കോടെ തിളക്കമുള്ള വിജയമാണ് ഹിഷാമിന്‍റേത്.
ഓണപ്പരീക്ഷ മുതല്‍ എല്ലാ പരീക്ഷകളിലും ഒന്നാമതായ വിദ്യാർഥിയുടെ പ്രോഗ്രസ് റിപ്പോർട്ട് തയറാക്കിക്കൊണ്ടിരിക്കുമ്ബോള്‍ തന്നെ അവന്‍റെ മരണ വാർത്ത കേട്ട ഞെട്ടലില്‍നിന്ന് ഇനിയും ശ്രീല ടീച്ചർ മുക്തയായിട്ടില്ല. അപകടത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ചെറുകുളമ്ബ് ഐ.കെ.ടി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹിഷാമിന്‍റെ പേര് കൂടി വന്നത് ബന്ധുക്കളെയും നാട്ടുകാരെയും പോലെ അധ്യാപകരെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി.
സ്കൂളിലെ ഇംഗ്ലീഷ് മീഡിയം വിഭാഗത്തില്‍ എട്ട് എ ക്ലാസില്‍ ''നമ്ബർ 32, മുഹമ്മദ് ഹിഷാം എ'' എന്ന് താൻ ഹാജർ വിളിക്കുമ്ബോള്‍ ചിരിച്ച മുഖത്തോടെ സൗമ്യനായി ''പ്രസന്‍റ് മിസ്'' എന്ന് പറയുന്ന അവന്‍റെ മുഖം മനസ്സില്‍നിന്ന് മായില്ലെന്ന് ഹിഷാമിന്‍റെ ക്ലാസ് അധ്യാപിക ശ്രീല നായർ കണ്ണീരോടെ പറയുന്നു. ക്ലാസിലെ എല്ലാ കുട്ടികളോടും ഒരുപോലെ സൗഹൃദം പുലർത്തിയ കുട്ടിയായിരുന്നു ഹിഷാമെന്ന് ശ്രീല ഓർക്കുന്നു.
ചെറുകുളമ്ബ് കെ.എസ്.കെ.എം.യു.പി സ്കൂള്‍ മുതല്‍ കൂടെയുണ്ടായിരുന്നവരാണ് എട്ടാം ക്ലാസിലും ഹിഷാമിന്‍റെ സഹപാഠികള്‍. പ്രിയപ്പെട്ട ചങ്ക് ബ്രോയുടെ ചലനമറ്റ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ കൂട്ടുകാർ രാവിലെ ഏഴു മുതല്‍ പാങ്ങ് ജി.എച്ച്.എസ്.എസില്‍ കാത്തിരുന്നു. ഒമ്ബതോടെ ഹിഷാമിനെയും വഹിച്ച് ആംബുലൻസുകള്‍ സ്കൂള്‍ മുറ്റത്തെത്തിയപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു. ഹിഷാമിന്‍റെ സൗമ്യമുഖം അവസാനമായി കണ്ടപ്പോള്‍ അവർ ഉറക്കെ കരഞ്ഞു, ചങ്കുപൊട്ടി. കൂടെയുണ്ടായിരുന്ന ഹിഷാമിന്‍റെ പ്രിയപ്പെട്ട അധ്യാപകർക്കും കരച്ചിലടക്കാനായില്ല. മൃതദേഹങ്ങള്‍ കാണാൻ അധ്യാപകർക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട് എന്നറിയാതെ രാവിലെ 10 വരെ വെയിലത്ത് വരിനിന്നാണ് ക്ലാസ് ടീച്ചർ ശ്രീല നായർ ഉള്‍പ്പെടെയുള്ളവർ പ്രിയ ശിഷ്യനെ അവസാനമായി കണ്ടത്.
പഠനത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഫുട്ബാളിലുമെല്ലാം മിടുക്കനായ ഹിഷാമിന്‍റെ വേർപാട് ബന്ധുക്കള്‍ക്കെന്ന പോലെ സ്കൂളിനും നഷ്ടമാണെന്ന് അധ്യാപകർ പറയുന്നു. ക്ലാസില്‍ അച്ചടക്കത്തോടെ സൗമ്യനായി ഇരിക്കുന്ന, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഓമനത്തമുള്ള ആ മുഖം തങ്ങളുടെ മനസ്സില്‍നിന്ന് മായ്ക്കാൻ ഒരു വിധിക്കും സാധിക്കില്ലെന്ന് അവർ പറയുന്നു.
Post a Comment