Join News @ Iritty Whats App Group

അഞ്ചിൽ ഒരാൾ സ്ത്രീ, ലോൺ ആപ്പുകൾ 3 വർഷത്തിനിടെ കേരളത്തിൽ നിന്നും തട്ടിയത് 70 കോടി; ഞെട്ടിക്കുന്ന കണക്ക്

അഞ്ചിൽ ഒരാൾ സ്ത്രീ, ലോൺ ആപ്പുകൾ 3 വർഷത്തിനിടെ കേരളത്തിൽ നിന്നും തട്ടിയത് 70 കോടി; ഞെട്ടിക്കുന്ന കണക്ക്


തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാ‍ർത്ഥി നിതിൻ രാജിന്‍റെ മരണത്തിന് പിന്നിൽ ലോൺ ആപ്പുകളുടെ സമ്മർദ്ദവും കാരണമാണെന്നാണ് പൊലീസ് വിലയിരുത്തൽ. ലോൺ ആപ്പുകൾ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടിയെന്ന് പൊലീസിന്‍റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇരയാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊലീസ് റിപ്പോ‍ർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.

വിവിധ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് കേരള പൊലീസിന്‍റെ സൈബർ വിഭാഗത്തിൽ സഹായം തേടിയവരിൽ കേസ് നൽകാൻ തയ്യാറായത് 20 ശതമാനംപേർ മാത്രമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വായ്പ ആപ്പ് പരാതികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. പണമിടപാടുകൾ ഭൂരിഭാഗവും ബിഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നാണെന്നും റിപ്പോർട്ട് പറയുന്നു. പണത്തിന് അത്യാവശ്യമുള്ളവർക്ക് പെട്ടെന്ന് പണം നൽകുന്നതാണ് ലോൺ ആപ്പുകളെ ആകർഷകമാക്കുന്നത്. എന്നാൽ അതിഭീമമായ പലിശയും തിരിച്ചടവ് മുടങ്ങിയാലുള്ള ബ്ലാക്ക്മെയിലും ഭീഷണിയും പലരുടെയും ജീവിതം തന്നെ തകർക്കുകയാണ്. നൂറ് കണക്കിന് ആപ്പുകൾക്കെതിരെ പലതവണ നടപടി ഉണ്ടായിട്ടും തട്ടിപ്പ് ഇന്നും തുടരുകയാണ്.

ഓൺലൈൻ ആപ്പുകളുടെ കെണികളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണമെന്നും സർക്കാർ സംവിധാനത്തിലൂടെ മാത്രമേ വായ്പ എടുക്കാവൂ, ഓഫറുകൾ വേണ്ടെന്ന് വെക്കാനുള്ള ആർജവം കാണിക്കണമെന്നും സൈബ‍ർ ഓപ്പറേഷൻ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. വളരെ എളുപ്പം പൈസയുമായി ആൾക്കാർ തയ്യാറായി നിൽക്കുകയാണ്, പത്തിരട്ടി പതിനഞ്ച് ഇരട്ടിയൊക്കെയാണ് തിരിച്ചടവിന് ആവശ്യപ്പെടുന്നത്, അടച്ചില്ലെങ്കിൽ മാനം പണയം വെക്കുന്ന തരത്തിലുള്ള പ്രവർത്തികളാണ് ഇവർ നടത്തുന്നത്. എപികെ ഫയൽസ് ഉപയോഗിച്ചാണ് പല ആപ്പുകളും പ്രവർത്തിക്കുന്നത്. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. നമ്മുടെ സ്വകാര്യതയും മാനവും ഈട് വെച്ചാണ് ലോൺ ആപ്പുകൾ പണം തരുന്നത്. ആ‍ർബിഐ അനുസൃതമായി നിയമം അനുശാസിക്കുന്ന ബാങ്കുകളിൽ നിന്നും മാത്രമേ ലോൺ എടുക്കൂ എന്നത് ഓരോ ആളുകളും തീരുമാനമെടുക്കണം- എസ് ശ്രീജിത്ത് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group