Join News @ Iritty Whats App Group

പാചകവാതക പ്രതിസന്ധി അതിരൂക്ഷം, ഇരുട്ടടിയായി വിലക്കയറ്റവും : കണ്ണൂരിൽ കൂടുതൽ ഹോട്ടലുകള്‍ക്ക് താഴ് വീണു

പാചകവാതക പ്രതിസന്ധി അതിരൂക്ഷം, ഇരുട്ടടിയായി വിലക്കയറ്റവും : കണ്ണൂരിൽ ഹോട്ടലുകള്‍ക്ക് താഴ് വീണു


ണ്ണൂർ : പാചകവാതക വില വർദ്ധനവും ക്ഷാമവും കാരണം കണ്ണൂർ നഗരത്തിലെ ഹോട്ടലുകള്‍ ഭൂരിഭാഗവും അടച്ചുപൂട്ടി. കേന്ദ്ര സർക്കാർ വാണിജ്യപാചക വാതകത്തിന് വീണ്ടും വിലവർദ്ധിപ്പിച്ചതോടെ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വീണ്ടും വില വർദ്ധിപ്പിച്ചു പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ഹോട്ടല്‍ ഉടമകള്‍.


ഹോട്ടലുകളില്‍ ചായയുള്‍പ്പെടെ ഭക്ഷ്യ വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചത് സാധാരണക്കാരെ പൊള്ളിക്കുകയാണ്.
12 രൂപ നിരക്കില്‍ ലഭിച്ചിരുന്ന ചായയ്ക്കും പലഹാരങ്ങള്‍ക്കും 14 മുതല്‍ 15 രൂപ വരെയാണ് പല ഹോട്ടലുകളിലും ഈടാക്കുന്നത്. ബിരിയാണിക്കും പൊറോട്ടയ്ക്കും എണ്ണക്കടികള്‍ക്കും വില വർധിച്ചിട്ടുണ്ട്. 140 രൂപ നിരക്കില്‍ ഫുള്‍ ബിരിയാണി നല്‍കിയിരുന്ന ചെറുകിട ഹോട്ടലുകള്‍ 20 രൂപ വർധിപ്പിച്ച്‌ 160 രൂപ നിരക്കിലാണ് നല്‍കുന്നത്. 100 രൂപയുണ്ടായിരുന്ന ഹാഫ് ബിരിയാണിക്ക് 120 രൂപയുമാണ് പുതുക്കിയ നിരക്ക്. പൊറോട്ടയ്ക്ക് 12 രൂപയില്‍ നിന്ന് 14 രൂപയായി. ഹോട്ടല്‍ വിലനിലവാരമനുസരിച്ച്‌ 20 രൂപ വരെ ഈടാക്കുന്നവരുമുണ്ട്.

എണ്ണക്കടികള്‍ക്ക് പലതും രണ്ട് രൂപ നിരക്കിലും വർധിപ്പിച്ചിട്ടുണ്ട്. 18 രൂപ യുടെ മുട്ടപഫ്‌സിന് 20 രൂപയും 12 രൂപയുടെ പഴം പൊരി, ഉള്ളിവട തുടങ്ങിയ ചെറുകടികള്‍ക്ക് 14 രൂപയുമാണ് പുതിയ നിരക്ക്. അതേസമയം ഭൂരിഭാഗം ഹോട്ടലുകളിലും രണ്ടാഴ്ചയായി ഊണ്‍നിർത്തിവെച്ച നിലയിലാണ്. പലവിധം കറികള്‍ ഉണ്ടാക്കേണ്ടതും ചോറ് വേവിക്കാൻ പാചകവാതകം കൂടുതല്‍ ആവശ്യമുള്ളതിനാലും ചോറ് ഒഴിവാക്കേണ്ടി വരുന്നതായി ഹോട്ടലുടമകള്‍ പറയുന്നു. ചിക്കൻ, മുട്ടക്കറി, പച്ചക്കറി എന്നിവയ്ക്ക് അഞ്ച് രൂപ നിരക്കിലും വർധിപ്പിച്ചിട്ടുണ്ട്. മെനുവിലെ വില കൂട്ടയാണ് ഹോട്ടലുകള്‍ നിലവില്‍ പ്രവർത്തിക്കുന്നത്. വിലകൂട്ടാനാകാതെയും അടച്ചുപൂട്ടിയ ഹോട്ടലുകളുമേറെ.

രാത്രി എട്ട് മണികഴിഞ്ഞാല്‍ നഗരത്തില്‍ എങ്ങും ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ്. ലഭിക്കുന്നതാകട്ടെ ഇരട്ടി വില നല്‍കിയുമാണ്. ചെറുകിട ഹോട്ടലുകളെയാണ് പ്രതിസന്ധി കൂടുതലായി ബാധിച്ചിരിക്കുന്നത്. ഒരുദിവസം മൂന്ന് സിലിണ്ടർ വരെ ചെറുകിട ഹോട്ടലുകള്‍ക്ക് ആവശ്യമാണ്. 1000 രൂപ നിരക്കില്‍ ലഭിച്ചുകൊണ്ടിരുന്ന സിലിണ്ടറിന് ഇപ്പോള്‍ 4800 രൂപയാണ്‌നല്‍കേണ്ടിവരുന്നത്. അതേസമയം വൻകിട ഹോട്ടലുകള്‍ക്ക് 2000 നിരക്കിലും സിലിണ്ടർ ലഭിക്കുന്നുണ്ട്. 20 ശതമാനം വാണിജ്യവാതകം നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പായിട്ടില്ല. സിലിണ്ടറിന്റെ പൂഴ്ത്തിവെപ്പ് കൂടുതലായി നടക്കുന്നതായും വ്യാപാരികള്‍ ആരോപിക്കുന്നു. നിലവില്‍ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാൻ മാത്രമാണ് ഹോട്ടലുകള്‍ പ്രവർത്തിക്കുന്നത്. വിറകടുപ്പ് പകരം വെക്കാമെങ്കിലും വിറകടുപ്പില്‍ ജോലിചെയ്യാൻ തൊഴിലാളികള്‍ വിസമ്മതിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. ഇതും കടുത്ത പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ഇറാൻ-ഇസ്രായേല്‍ യുദ്ധത്തിൻ്റെ ഭാഗമായാണ് ഇന്ധനക്ഷാമം കേരളത്തിലും അതിരൂക്ഷമായത്.

Post a Comment

أحدث أقدم
Join Our Whats App Group