Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ഭീഷണി: കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ ഭീഷണി: കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ്


തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് കേസെടുത്തിരിക്കുന്നത്. ഡ്യൂട്ടിക്കിടയിലെ സംഭവങ്ങളുടെ പേരിൽ തന്നെ വ്യക്തിഹത്യ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാട്ടി സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് നൽകിയ പരാതിയിലാണ് നടപടി.

അരുൺ രാജേന്ദ്രന് പുറമെ ടോം കുര്യാക്കോസ്, യാസർ കെ.പി, സോണി പനംതാനം, ശരത് പിള്ള, രാഹുൽ ജോൺ സി എന്നീ വ്യക്തികൾക്കും കെ.എസ്.യു കാഞ്ഞിരംകുളം യൂണിറ്റ്, യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്നീ ഫേസ്ബുക്ക് ഐഡികൾക്കുമെതിരെയാണ് കേസെടുത്തത്. "22 ദിവസം കൂടി കഴിഞ്ഞോട്ടെ, കണക്കുകൾ ഒരുപാടുണ്ട് തീർക്കാൻ" എന്ന തരത്തിലുള്ള പോസ്റ്റുകളാണ് കേസിന് ആധാരം.

നവകേരള സദസ്സിനിടെ അരുൺ രാജേന്ദ്രൻ ഉൾപ്പെടെയുള്ള കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിന് പകരമായി ഈ ഭീഷണി ഉയർത്തിയതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ആലപ്പുഴയിൽ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ സന്ദീപ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന പരാതി നിലനിന്നിരുന്നു. ഈ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തെങ്കിലും ക്രൈംബ്രാഞ്ച് അവർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉദ്യോഗസ്ഥനെതിരായ ഭീഷണിയിൽ കെ.എസ്.യു നേതാക്കൾക്കെതിരെ കേസുണ്ടായിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group