കണ്ണൂരില്‍ പെരുംപോര് നടക്കുന്ന മണ്ഡലങ്ങളില്‍ പേരാവൂരും തളിപ്പറമ്പും മുന്നില്‍
കണ്ണൂർ: കണ്ണൂരില്‍ പെരുംപോര് നടക്കുന്ന മണ്ഡലങ്ങളില്‍ പേരാവൂരും തളിപ്പറമ്പും മുന്നില്‍. പേരാവൂരില്‍ നാലം അങ്കത്തിനിറങ്ങിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വഴിമുടക്കാൻ കെ.കെ ശൈലജയ്ക്കാവുമോ, തളിപ്പറമ്പില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി പി.കെ ശ്യാമളയ്ക്കെതിരേ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം ടി.കെ ഗോവിന്ദൻ അട്ടിമറിജയം നേടുമോ എന്നൊക്കെയാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
പേരാവൂരില്‍ അപ്രതീക്ഷിത അടിയൊഴുക്കുകളില്ലെന്ന് യു.ഡി.എഫും തളിപ്പറമ്പില്‍ ഭൂരിപക്ഷം ഇടിഞ്ഞാലും ജയം ശ്യാമളയ്ക്കൊപ്പമെന്ന് എല്‍.ഡി.എഫും ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍ രണ്ടിടത്തും അടിയൊഴുക്കും ക്രോസ് വോട്ടിങ്ങും ശക്തമായിരുന്നു.
പേരാവൂരില്‍ കെ.കെ ശൈലജ ജയിക്കുമെന്ന് വോട്ടെടുപ്പിന്റെ തലേന്നാള്‍ പ്രവചിച്ചത് പ്രാദേശിക ബി.ജെ.പി നേതാവാണ്. സണ്ണി ജോസഫുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.സുധാകരനും പേരാവൂരില്‍ അത്യാവശ്യം വോട്ട് മറിക്കാനുള്ള ശേഷിയുണ്ട്. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റിന്റെ വിജയം യു.ഡി.എഫിനും സണ്ണി ജോസഫിനും നിർണായകമാണ്. ഭരണമാറ്റം ഉറപ്പെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന്, കേരളത്തിലെ അമരക്കാരന്റെ വിജയം അനിവാര്യമാണ്. പാർട്ടിയുടെ കരുത്തുറ്റ വനിതാമുഖം എന്ന നിലയില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജയുടെ തോല്‍വി സി.പി.എമ്മിനും ഉള്‍ക്കൊള്ളാനാവില്ല.
2016ലെ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ 79 ശതമാനമായിരുന്നു പോളിങ്. അന്ന് 7,989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് ജയിച്ചത്. 2021ലെ പോളിങ് 78.07 ശതമാനവും. എന്നാല്‍ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം 3,172ലേക്ക് കൂപ്പുകുത്തി. ഇത്തവണ 79.01 ശതമാനമാണ് പോളിങ്. പോളിങ് നിലവച്ച് 5000നും 9000നുമിടയില്‍ ഭൂരിപക്ഷവുമായി സണ്ണി ജോസഫ് ജയിക്കുമെന്ന് യു.ഡി.എഫ് ആവകാശപ്പെടുന്നു. 3000 മുതല്‍ 5000 ഭൂരിപക്ഷമാണ് എല്‍ഡി.എഫ് പ്രതീക്ഷ. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ചിടത്ത് യു.ഡി.എഫും നാലിടത്ത് എല്‍.ഡി.എഫിനുമാണ് ഭരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 12,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ആ സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നുവെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ശൈലജയുടെ വ്യക്തിപ്രഭാവത്തില്‍ മുന്നേറാൻ കഴിഞ്ഞെന്ന് സി.പി.എം നേതാക്കള്‍ അവകാശപ്പെടുന്നു.
നിയുക്ത എം.എല്‍.എയെ പ്രഖ്യാപിക്കാൻ മെയ് നാലുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് തളിപ്പറമ്പിലെ യു.ഡി.എഫ് അനുകൂലികളുടെ അഭിപ്രായം. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ ഗോവിന്ദനെ നിയുക്ത എം.എല്‍.എ ആയി പ്രഖ്യാപിച്ച് ബോർഡ് വയ്ക്കുന്നതിലും അവർക്ക് സന്ദേഹമില്ല. തളിപ്പറമ്പ് ബദരിയ നഗറിലാണ് ടി.കെ ഗോവിന്ദന് അഭിവാദ്യമർപ്പിച്ച് കഴിഞ്ഞദിവസം ബോർഡ് വച്ചത്. ഇടതുകോട്ടയായ തളിപ്പറമ്പില്‍ അട്ടിമറി സംഭവിക്കുമെന്നതില്‍ യു.ഡി.എഫ് ക്യാംപില്‍ സംശയമില്ല. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി പദവിയിലിരിക്കെ തളിപ്പറമ്പില്‍ പിൻഗാമിയായി ഭാര്യയെ നിർത്തിയതില്‍ തുടക്കം മുതല്‍ സി.പി.എമ്മിലെ ഒരു വിഭാഗം കനത്ത പ്രതിഷേധത്തിലായിരുന്നു. 1970ലെ സമാന സാഹചര്യം ഇത്തവണയും തളിപ്പറമ്പില്‍ ആവർത്തിക്കുമെന്നും ടി.കെ ഗോവിന്ദനിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നും യു.ഡി.എഫ് പ്രവർത്തകർ ആത്മവിശ്വാസം കൊള്ളുന്നു. എന്നാല്‍ മുതിർന്ന കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാർദനൻ സ്വതന്ത്രനായി മത്സരിച്ചത് തങ്ങള്‍ക്കു ഗുണം ചെയ്യുമെന്നും അടിയൊഴുക്കു തടയാൻ ജനാർദനന്റെ സ്ഥാനാർഥിത്വത്തിനു കഴിഞ്ഞെന്നും സി.പി.എം നേതാക്കള്‍ പറയുന്നു. ടി.കെ ഗോവിന്ദന്റെ ഗ്യാസ് സിലിണ്ടർ ചിഹ്നം വോട്ടിങ് മെഷിനില്‍ ഏഴാം സ്ഥാനത്തായതും തങ്ങള്‍ക്കനുകൂലമാണെന്ന് എല്‍.ഡി.എഫ് കരുതുന്നു. എന്നാല്‍ ബൂത്തിലെത്തും മുമ്പേ വോട്ടർമാർക്ക് ചിഹ്നം പരിചിതമായതിനാല്‍ അതില്‍ ആശങ്കയില്ലെന്ന് ടി.കെ ഗോവിന്ദൻ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി അബ്ദുല്‍ റഷീദ് ആയിരുന്നു തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനേക്കാള്‍ കരുത്തനായ സ്ഥാനാർഥിയെന്ന് തെരഞ്ഞെടുപ്പിനു ശേഷവും യു.ഡി.എഫ് അണികള്‍ക്കിടയില്‍ സംസാരമുണ്ട്. കഴിഞ്ഞതവണ എം.വി ഗോവിന്ദന്റെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞത് മണ്ഡലത്തില്‍ അബ്ദുല്‍ റഷീദിനുള്ള സ്വീകാര്യതയുടെ തെളിവാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. 1970നു ശേഷം സി.പി.എം സ്ഥാനാർഥികളെ മാത്രം നിയമസഭയിലേക്കയച്ച ചരിത്രമാണ് തളിപ്പറമ്പിന്. ഇത്തവണ മറ്റൊരു മണ്ഡലത്തിലും കാണാത്ത പ്രചാരണമായിരുന്നു തളിപ്പറമ്പില്‍. എം.വി ജയരാജൻ, പി.ജയരാജൻ, പി.കെ ശ്രീമതി തുടങ്ങിയ നേതാക്കളെല്ലാം മണ്ഡലത്തില്‍ ക്യാംപ് ചെയ്താണ് പ്രചാരണം നടത്തിയത്. എന്നാല്‍ ഇതൊന്നും പി.കെ ശ്യാമളയുടെ തോല്‍വി പ്രതിരോധിക്കാനുള്ള കവചമാകില്ലെന്ന് യു.ഡി.എഫ് അർഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. മെയ് നാലിന് ബാലറ്റ് മെഷിൻ തുറക്കുന്നതുവരെ അവകാശവാദങ്ങള്‍ തുടരും.
Post a Comment