പയ്യന്നൂരിലെ രാഷ്ട്രീയ ആക്രമണങ്ങൾ തുടരുന്നു; വി കുഞ്ഞികൃഷ്ണന് അനുകൂല എഫ്ബി പോസ്റ്റിട്ടയാളുടെ കാർ കത്തിച്ചു, സമാധാനയോഗം വിളിച്ച് എഡിഎം
കണ്ണൂര്‍:വോട്ടെടുപ്പിന് പിന്നാലെ കണ്ണൂര്‍ പയ്യന്നൂരിൽ തുടങ്ങിയ രാഷ്ട്രീയ ആക്രമണങ്ങൾ തുടരുന്നു. മാതമംഗലം പേരൂലിൽ വി കുഞ്ഞികൃഷ്ണന് അനുകൂല ഫേസ്ബുക്ക് പോസ്റ്റിട്ടയാളുടെ കാർ കത്തിച്ചു. കാങ്കോൽ കരിങ്കുഴിയിൽ വി കുഞ്ഞികുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡ് കത്തിച്ചു. മയ്യിലിൽ മുസ്‌ലിം ലീഗ് ഓഫീസും തകർത്തു. അക്രമസംഭവങ്ങളിൽ ആശങ്ക ഉയര്‍ന്നതോടെ എഡിഎം രാഷ്ട്രീയപാർട്ടികളുടെ സമാധാനയോഗം വിളിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസവും പയ്യന്നൂരിൽ പരക്കെ അക്രമം തുടരുകയാണ്. സിപിഎമ്മിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിന് തെളിവ് പുറത്തുവിട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചെന്ന പേരിൽ സിപിഎം പ്രവർത്തകൻ ടി പുരുഷോത്തമന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ടി പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ജനൽ ചില്ലുകൾ എറിഞ്ഞുടച്ച ശേഷം പുറത്തു നിർത്തിയിട്ട കാർ കത്തിച്ചു. ഇന്നലെ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സർക്കാർ ജീവനക്കാരന്റെ കാറും കത്തിച്ചു. അതേസമയം, കാങ്കോലിൽ വി കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിന്റെ മതിൽ തകർത്ത അക്രമികൾ ഷെഡിന് തീവച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പയ്യന്നൂരിൽ എഡിഎമ്മിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയപാർട്ടികളുടെ സമാധാനയോഗം വിളിച്ചു. പയ്യന്നൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വൈകീട്ടാണ് യോഗം വിളിച്ചിരിക്കുന്നത്.
إرسال تعليق