ലബനനിൽ ഇസ്രയേൽ ആക്രമണം: ഹോർമുസ് വീണ്ടും അടച്ച് ഇറാൻ; വെടിനിർത്തൽ പ്രതിസന്ധിയിൽ
ദുബായ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയുന്നതിനു മുൻപേ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ലബനനിൽ ഇസ്രയേൽ തുടരുന്ന അതിശക്തമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ആഗോള ഊർജവിതരണത്തെ ബാധിക്കുന്ന നീക്കം മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി. ഇതോടെ നിശ്ചയിച്ചിരുന്ന സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലേക്കു നീങ്ങുകയാണ്.
ബുധനാഴ്ച പുലർച്ചെയാണ് യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. എന്നാൽ കരാർ നിലവിൽ വന്നു മണിക്കൂറുകൾക്കകം ലബനനിൽ ഇസ്രയേൽ വൻതോതിലുള്ള വ്യോമാക്രമണം നടത്തി. ബെയ്റൂട്ട് ഉൾപ്പെടെയുള്ള ലെബനൻ നഗരങ്ങളിൽ ഇസ്രയേൽ ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
വെറും പത്തു മിനിറ്റിനുള്ളിൽ നൂറിലധികം മിസൈലുകളാണ് അയച്ചത്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ബോംബ് ആക്രമണം. ആക്രമണങ്ങളിൽ കുട്ടികളടക്കം 254 പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന അവസാനത്തെ പാലവും ഇസ്രയേൽ തകർത്തു.
നിലവിൽ തെക്കൻ ലെബനനെ ലോകത്തുനിന്ന് ഒറ്റപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇറാനുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ലബനനിലെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ലബനനിലെ സൈനിക നടപടികൾ കരാറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് നെതന്യാഹു എക്സിൽ കുറിച്ചു.
ഇതേ നിലപാട് തന്നെയാണ് ട്രംപും സ്വീകരിച്ചിരിക്കുന്നത്. ഹിസ്ബുള്ളയുമായുള്ള പോരാട്ടം കരാറിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇക്കാര്യം വ്യക്തമാക്കി. വെടിനിർത്തൽ കരാറിൽ ലെബനനും ഉൾപ്പെടുമെന്ന് ഇറാൻ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വാൻസ് പറഞ്ഞു.
അതേസമയം, അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്നും ഇസ്രയേലിന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇറാഖി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനാണ് ഇറാന്റെ നീക്കം.
ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ജലപാത ഉടൻ സുരക്ഷിതമായി തുറക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആവശ്യപ്പെട്ടു. കരാർ പ്രകാരം ജലപാത തുറന്നുനൽകാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ട്രംപ് ഭരണകൂടം ഓർമിപ്പിച്ചു. എന്നാൽ ലബനനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് യുഎസ് നിരീക്ഷിക്കുന്നത്.
إرسال تعليق