Join News @ Iritty Whats App Group

രണ്ടാമതും ഗർഭിണി, സ്ത്രീധനം പൂർണമായില്ലെന്ന് ആരോപിച്ച് അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് ഭർതൃവീട്ടുകാർ

രണ്ടാമതും ഗർഭിണി, സ്ത്രീധനം പൂർണമായില്ലെന്ന് ആരോപിച്ച് അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് ഭർതൃവീട്ടുകാർ


ശിവമൊഗ്ഗ: ആവശ്യപ്പെട്ട സ്ത്രീധനം പൂർണമായി നൽകിയില്ല. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച് മാസങ്ങൾ പിന്നിട്ടതോടെ മരുമകളെ പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തി ഭർതൃവീട്ടുകാർ. കർണാടകയിലെ സോറബ താലൂക്കിലെ ഉളവി ഹോബ്ലിയിലുള്ള ഹൊഡബട്ടെയിലാണ് അഞ്ച് മാസം ഗർഭിണിയായ മരുമകളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർതൃപിതാവും ഭർതൃമാതാവും ഉൾപ്പെടെ നാല് പേരെ സോറബ പൊലീസ് അറസ്റ്റ് ചെയ്തു. സോറബ താലൂക്കിലെ ഹൊഡബട്ടെ ഗ്രാമത്തിലെ നവീന്റെ ഭാര്യയും സ്റ്റാഫ് നഴ്സുമായിരുന്ന ശ്വേത (30) ആണ് കൊല്ലപ്പെട്ടത്. അഞ്ച് മാസം ഗർഭിണിയായിരുന്നു ശ്വേത. മാർച്ച് 30ന് ഭർത്താവിന്റെ വീട്ടിൽ വെച്ചാണ് ശ്വേതയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ശ്വേതയെ ഉടൻതന്നെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ ഏപ്രിൽ ഒന്നിന് ശ്വേത മരണത്തിന് കീഴടങ്ങി.

ശ്വേതയുടെ മരണത്തിന് പിന്നാലെ സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും സോറബ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭർതൃപിതാവ് സണ്ണപ്പ, ഭർതൃമാതാവ് ജാനകി, ഭർത്താവ് നവീന്റെ സഹോദരൻ ഹേമന്ത്, ഹേമന്തിന്റെ ഭാര്യ ദിവ്യ എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ ഒന്നിന് മരിച്ച ശ്വേതയുടെ മൃതദേഹം ഏപ്രിൽ രണ്ടിന് സംസ്കരിച്ചു. സംസ്കാര ചടങ്ങുകൾ കഴിഞ്ഞയുടൻ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉളവി ഗ്രാമത്തിലെ മഞ്ജപ്പ-നാഗരത്ന ദമ്പതികളുടെ മകളാണ് ശ്വേത. ഉളവി ഡയഗ്നോസ്റ്റിക് സെന്ററിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. 2020ൽ വീട്ടുകാരുടെ സമ്മതത്തോടെയാണ് ഹൊഡബട്ടെ സ്വദേശിയായ നവീനെ ശ്വേത വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ നാല് വയസ്സുള്ള ഒരു മകളുണ്ട്.

ശ്വേതയ്ക്കും അവരുടെ വയറ്റിലുണ്ടായിരുന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനും അനാഥയായ മകൾക്കും നീതി ലഭിക്കണമെന്നാണ് യുവതിയുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്. ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ സ്ത്രീധനത്തിന്റെ പേരിൽ നടത്തിയ ഈ കൊലപാതകം വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. സോറബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group