കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പോക്സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തും, സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസിന് പിന്നാലെ പട്ടിക വർഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ കൂട്ട് നിന്നവരും പ്രതികളാകും. ഇക്കാര്യം വ്യക്തമാക്കി എസ് ടി കമ്മീഷൻ നിയമ ഉപദേശകൻ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. വിവാഹത്തിന് കാർമികത്വം വഹിച്ച കേരളത്തിലെ സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. അതേസമയം കല്യാണത്തിന് കാർമികത്വം വഹിച്ച സിപിഎം നേതാക്കൾ, കേസിലും വിവാദത്തിലും പ്രതികരിക്കാതെ മൗനം തുടരുകയാണ്.
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
വെട്ടിലായി വിവാഹത്തിന് കാർമികത്വം വഹിച്ച സിപിഎം നേതാക്കൾ
സിപിഎം നേതാക്കളായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ കല്യാണവാർത്ത അറിഞ്ഞ് ആദ്യം അന്ന് ഓടിയെത്തിയത്. സർക്കാറിന്‍റെയും സിപിഎമ്മിന്റെയും പേരിൽ ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എം പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് നേതാക്കൾ വാനോളം പുകഴ്ത്തുകയും ചെയ്തു. പോക്സോ കേസായതോടെ അന്ന് രക്തഹാരവും ബൊക്കയും ഒക്കെ സമ്മാനിച്ച നേതാക്കൾ മിണ്ടുന്നില്ല.
Post a Comment