Join News @ Iritty Whats App Group

എന്തുകൊണ്ട് പാകിസ്ഥാനിലെ ചർച്ചയിൽ പങ്കെടുത്തില്ല? സമാധാന ശ്രമങ്ങളുമായി സഹകരിക്കുമോ? വ്യക്തത വരുത്തി ഇറാൻ വിദേശകാര്യ മന്ത്രി

എന്തുകൊണ്ട് പാകിസ്ഥാനിലെ ചർച്ചയിൽ പങ്കെടുത്തില്ല? സമാധാന ശ്രമങ്ങളുമായി സഹകരിക്കുമോ? വ്യക്തത വരുത്തി ഇറാൻ വിദേശകാര്യ മന്ത്രി


ടെഹ്റാൻ: സമാധാന ശ്രമങ്ങളിൽ സഹകരിക്കുമോ എന്നതിൽ വ്യക്തത നൽകി ഇറാൻ. പാകിസ്ഥാനിൽ നടന്ന സൗദി - തുർക്കി - ഈജിപ്ത് ചർച്ചകളിൽ നിന്ന് വിട്ടുനിന്നത് സംബന്ധിച്ചാണ് പ്രതികരണം. യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നത് എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. ഇറാന്‍റെ നിലപാടിനെ യുഎസ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ സമാധാന ശ്രമങ്ങൾക്ക് അങ്ങേയറ്റം നന്ദിയുണ്ടെന്നും ഇസ്ലാമാബാദിലേക്ക് പോകാൻ വിസമ്മതിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറിച്ചു. ഇറാന്‍റെ മേൽ അടിച്ചേൽപ്പിച്ച നിയമവിരുദ്ധ യുദ്ധത്തിന് നിർണായകവും ശാശ്വതവുമായ അന്ത്യം കുറിക്കുന്നതിനുള്ള നിബന്ധനകളാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. അനുകൂലമായ ധാരണകൾ ഉണ്ടായാൽ സമാധാന ശ്രമങ്ങളുമായി സഹകരിക്കും എന്ന സൂചനയാണ് ഇറാൻ വിദേശകാര്യമന്ത്രി നൽകിയത്

മാധ്യമ റിപ്പോർട്ടുകൾ തള്ളി പാക് വിദേശകാര്യ വക്താവ്

സമാധാന ശ്രമങ്ങൾ മന്ദഗതിയിലായെന്ന 'വാൾ സ്ട്രീറ്റ് ജേണൽ', 'ഡോൺ' എന്നീ പത്രങ്ങളുടെ റിപ്പോർട്ടുകളെ പാകിസ്ഥാൻ വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബിയും തള്ളി. ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വെറും ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന വാർത്താസമ്മേളനത്തിലെ വിവരങ്ങൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണ് വിവാദത്തിന് കാരണമായതെന്നും പാകിസ്ഥാൻ വ്യക്തമാക്കി. ചൈനയുമായി ചേർന്ന് പാകിസ്ഥാൻ മുന്നോട്ടുവെച്ച അഞ്ചിന സമാധാന പദ്ധതിയെക്കുറിച്ച് പാക് വിദേശകാര്യ മന്ത്രി സൗദി അധികൃതരുമായി ചർച്ച നടത്തി.

അതിനിടെ ഹോർമുസ് കടലിടുക്കിലൂടെ അവശ്യവസ്തുക്കളും മാനുഷിക സഹായവും വഹിച്ചുള്ള കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയെന്ന് ഇറാന്റെ തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ സുഹൃദ് രാഷ്ട്രങ്ങൾ വഴി അമേരിക്ക 48 മണിക്കൂർ വെടിനിർത്തലിന് ശ്രമിച്ചത് തള്ളിയതായി നേരത്തെ ഇറാൻ പറഞ്ഞിരുന്നു. അതിനിടെ ബുഷഹർ ആണവ നിലയം വീണ്ടും ആക്രമിക്കപ്പെട്ടു. സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇറാന്‍റെ പെട്രോകെമിക്കൽ ഫാക്ടറികളും ആക്രമിക്കപ്പെട്ടു. ഇറാനെ തരിപ്പണമാക്കിയെന്ന അവകാശവാദങ്ങൾക്കിടെ എഫ് 15 ഇ വിമാനവും വാർട്ഹോഗ് എ 10 വിമാനവും തകർന്നതും ഹെലികോപ്റ്ററുകൾ ആക്രമിക്കപ്പെട്ടതുമായ വാർത്തകൾ അമേരിക്കയ്ക്ക് തിരിച്ചടിയായി. കനത്ത സൈനിക നഷ്ടമാണിത്. ഗൾഫിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ദുബൈ ഇന്റർനെറ്റ് സിറ്റിയിലെ ഒറാക്ക്ൾ കെട്ടിടത്തിൽ അവശിഷ്ടങ്ങൾ വീണു. ദുബൈ മറീനയിലും കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു. ബഹ്റൈനിലെ സിത്രയിൽ നാല് പേർക്ക് പരിക്കേറ്റു. വീടുകൾക്ക് നാശനഷ്ടമുണ്ടായി. യുഎഇയിൽ 24 മണിക്കൂറിനിടെ 14 പേർക്ക് പരിക്കേറ്റു.

Post a Comment

أحدث أقدم
Join Our Whats App Group