രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: സിനിമാമേഖലയിലെ കൂടുതൽ പേരെചോദ്യം ചെയ്യും
കൊച്ചി: സംവിധായകന് രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ സിനിമാ മേഖലയിലെ കൂടുതൽ പേരെ ചോദ്യം ചെയ്യും. ഒരു നടൻ, അസിസ്റ്റന്റ് ഡയറക്ടറായ വനിത എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. രക്ഷപ്പെടാന്‍ രഞ്ജിത്തിനെ ആരോ സഹായിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു.
ഈ സാഹചര്യത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അറസ്റ്റ് മുന്‍കൂട്ടി കണ്ട് രഞ്ജിത്ത് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പീഡനം നടന്ന സിനിമാസെറ്റില്‍ ഉണ്ടായിരുന്ന കൂടുതല്‍ ചലച്ചിത്രപ്രവര്‍ത്തകരുടെ മൊഴിയെടുക്കും. യുവനടിയോടു രഞ്ജിത്ത് കാരവനില്‍ വച്ച് മോശമായി പെരുമാറിയ കാര്യം സിനിമാസെറ്റിലുള്ളവരെല്ലാം അറിഞ്ഞിരുന്നെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റില്‍ ഉണ്ടായിരുന്ന മറ്റു ചലച്ചിത്ര പ്രവര്‍ത്തകരെയും വരും ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും.
അതേസമയം, സംഭവം നടന്നെന്ന് പരാതിയിലുള്ള കാരവന് പോലീസ് കണ്ടെത്തി. കാരവന്റെ ഉള്ളില്‍ സിസിടിവി ഇല്ലെന്നാണു ലഭ്യമാകുന്ന വിവരം. കാരവന് പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍ കണ്ടെത്താനായി പോലീസ് സംഘം ശ്രമം തുടങ്ങി. സബ് ജയിലില്‍ തുടരുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. ജാമ്യാപേക്ഷ നാളെ കോടതിക്കുമുന്നില്‍ വരുമ്പോള്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കഴിഞ്ഞ ജനുവരി 19ന് സിനിമാസെറ്റിലെ കാരവനില്‍വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണു രഞ്ജിത്തിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയുടെ പരാതി. കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്നു പറഞ്ഞ് കാരവനിലേക്ക് വിളിച്ചുവരുത്തിയതെന്നും നടിയുടെ പരാതിയിലുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയില്‍നിന്നു ചൊവ്വാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ബുധനാഴ്ച രാവിലെ എട്ടരയോടെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍. ഉഷയ്ക്കു മുന്‍പാകെ ഹാജരാക്കി. പ്രതി സ്ത്രീ സുരക്ഷയ്ക്കു ഭീഷണിയാണെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പോലീസിന്റെ വാദത്തെത്തുടര്‍ന്ന് ജുഡീഷല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അറസ്റ്റിനെത്തുടര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍നിന്നും റൈറ്റേഴ്സ് യൂണിയനില്‍നിന്നും ഇയാളെ പുറത്താക്കി.
إرسال تعليق