സംവിധായകനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകി കുംഭമേള വൈറൽ താരം; വിവാഹ പ്രായം സംബന്ധിച്ച നുണ പ്രചരണം ബിജെപിയുടെ രാഷ്ട്രീയമെന്നും പ്രതികരണം
കൊച്ചി: കുംഭമേള വൈറൽ താരം കോടതിയിൽ രഹസ്യ മൊഴി നൽകി. സമുഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി, മണിപ്പൂർ ഡയറി എന്ന സിനിമയുടെ സംവിധായകൻ മോശമായി പെരുമാറി എന്നീ പരാതികളുമായി ബന്ധപ്പെട്ട കേസിലാണ് പെൺകുട്ടി രഹസ്യ മൊഴി നൽകിയത്. നേരത്തെ എറണാകുളം സെൻട്രൽ പൊലീസിന് പെൺകുട്ടി പരാതി നൽകിയിരുന്നു. ഈ പരാതിയിലെടുത്ത കേസിലാണ് ഇന്ന് വൈകുന്നേരം കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയത്. വിവാഹ വിവാദത്തിൽ പ്രായം തെളിയിക്കുന്ന രേഖകളടക്കമുളള തെളിവുകള്‍ കോടതിക്കു മുന്നില്‍ ഹാജരാക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകും മുമ്പാണ് കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം നടന്നതെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് പൊലീസ് ചുമത്തിയ പോക്സോ കേസിലെ അന്വേഷണം മുന്നോട്ടു പോകുന്നതിനിടെയാണ് പെണ്‍കുട്ടി എറണാകുളം സി ജെ എം കോടതിക്ക് മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്
രഹസ്യമൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ പെൺകുട്ടി വിവാഹവുമായി ബന്ധപ്പെട്ട പ്രായ വിവാദത്തിലടക്കം പ്രതികരിച്ചു. പ്രായപൂർത്തിയാകും മുന്നേയാണ് വിവാഹം നടന്നതെന്ന വിവാദം നുണപ്രചരണമാണെന്നാണ് വൈറൽ താരം പ്രതികരിച്ചത്. ബി ജെ പിയുടെ രാഷ്ട്രീയം ആണ് വിവാഹവുമായി ബന്ധപ്പെട്ടുള്ള കേസിന് പിന്നിലെന്നും പെൺകുട്ടി അഭിപ്രായപ്പെട്ടു. തന്‍റെ മാതാപിതാക്കളെ സമ്മർദ്ദത്തിലാക്കിയാണ് ആരോപണം നടത്തിയതെന്നും വൈറൽ താരം കൂട്ടിച്ചേർത്തു. ദൈവത്തെ ഓർത്ത് തനിക്കെതിരായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. എറണാകുളം സി ജെ എം കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷം ആയിരുന്നു വൈറൽ താരത്തിന്‍റെ പ്രതികരണം.
വിവാഹ വിവാദത്തിൽ ദേശീയ പട്ടികവർഗ കമ്മീഷൻ ഇടപെടുന്നു
നേരത്തെ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതിയിലെ കേസിൽ ഉടൻ മറുപടി നൽകാൻ മധ്യപ്രദേശ് പൊലീസിന് ദേശീയ പട്ടികവർഗ കമ്മീഷൻ ഉത്തരവ് നൽകി. കേരള ഹൈക്കോടതിയിലെ കേസിലാണ് ഉടൻ മറുപടി നൽകേണ്ടത്. മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാകണം. വിവാഹത്തിൽ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണം. മധ്യപ്രദേശ് പൊലീസിന്റെ അന്വേഷണത്തിന് പൂർണ്ണ സഹകരണം നൽകാൻ കേരള പൊലീസിനോടും കമ്മീഷൻ ആവശ്യപ്പെട്ടു. ഇരു പൊലീസ് സേനകളുടെയും ഹിയറിങ്ങിന് പിന്നാലെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്
إرسال تعليق