സ്നേക്ക് പാർക്ക് സംഘം പാമ്പുകടിയേറ്റ് മരണപ്പെട്ട നബീസയുടെ വീട് സന്ദർശിച്ച് സുരക്ഷാ നിർദേശങ്ങൾ നൽകി
തളിപ്പറമ്പ്: പാമ്പുകടിയേറ്റ് മരണപ്പെട്ട നബീസയുടെ വീട് എംവിആർ സ്നേക്ക് പാർക്ക് സംഘം സന്ദർശിച്ച് സുരക്ഷാ നിർദേശങ്ങൾ നൽകി. കഴിഞ്ഞ ദിവസം തളിപ്പറമ്പ് മുതുകുടയിൽ പാമ്പുകടിയേറ്റ് മരണപ്പെട്ട നബീസയുടെ വീട് പറശിനിക്കടവ് എംവിആർ സ്നേക്ക് പാർക്ക് ആൻഡ് സൂ ഡയറക്ടർ പ്രഫ. ഇ. കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദർശിച്ചു.
തളിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവാകരൻ, യു.വി. വേണു, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരും വിദഗ്ദ്ധ സംഘത്തോടൊപ്പമുണ്ടായിരുന്നു.വീടും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിച്ച സംഘം സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തി.
ദിനംപ്രതി ചൂട് കൂടുന്നതിനാൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കാനിടയുള്ള സാഹചര്യത്തിൽ വീട്ടുകാരോടും നാട്ടുകാരോടും ആവശ്യമായ മുൻകരുതലുകൾ സംബന്ധിച്ച നിർദേശങ്ങൾ സംഘം നൽകി.
വീടിന്റെ പരിസരത്ത് പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും സംഘം വിശദീകരിച്ചു.
കൂടാതെ, മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പടർന്നു കാടുപിടിച്ച കള ചെടികളെ വെട്ടിയൊതുക്കുകയും ചെയ്യേണ്ടതുണ്ടെന്നും നിർദേശിച്ചു.
Post a Comment