ഹൈന്ദവാചാരപ്രകാരമുളള വിവാഹം; വധുവിന്റെ കൈ വരന് പിടിച്ചു നൽകി ഫാ. റോയി മാത്യു വടക്കേൽ; പൗരോഹിത്യ ജീവിതത്തിലെ സംതൃപ്തി നൽകിയ നിമിഷം
മുണ്ടക്കയം: ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ കൈ പിടിച്ച് വരന് നൽകി വൈദികൻ. തന്റെ തണലിൽ വളർന്ന പാർവതിയെയാണ് വൈദികൻ വിവാഹവേദിയിൽവച്ച് കൈ പിടിച്ച് വരനെ ഏൽപ്പിച്ചത്. ഓർഫനേജ് കൺട്രോൾ ബോർഡംഗം കൂടിയായ ഫാ. റോയി മാത്യു വടക്കേലാണ് മാതൃകയായി മാറിയ വൈദികൻ.
മുണ്ടക്കയം വണ്ടൻപതാൽ ബെത്ലഹേം ആശ്രമത്തിൽ ഒരു വയസുള്ളപ്പോഴാണ് പാർവതി എത്തുന്നത്. അന്നുമുതൽ പിതാവിന്റെ സ്ഥാനത്തായിരുന്നു അവൾക്ക് ഫാ. റോയി മാത്യു വടക്കേൽ. ശ്രീക്കുട്ടി എന്നായിരുന്നു അവളെ ഫാ. റോയി വിളിച്ചിരുന്നത്. വിവാഹപ്രായമെത്തിയപ്പോൾ അദ്ദേഹം തന്നെ മുൻകൈയെടുത്ത് വരനെ കണ്ടെത്തുകയായിരുന്നു.
അങ്ങനെയാണ് വണ്ടൻപതാൽ സെന്റ് പോൾസ് പളളിയുടെ പാരിഷ്ഹാളിൽ കട്ടപ്പന സ്വദേശി അനന്തു പാർവതിയുടെ കഴുത്തിൽ താലിചാർത്തിയത്.
പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏൽപ്പിക്കേണ്ടത് പെൺകുട്ടിയുടെ പിതാവാണ്. ഈ ചുമതലയാണ് സന്തോഷത്തോടെ ഫാ. റോയി ഏറ്റെടുത്തത്. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
Post a Comment