സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി സൗജന്യയാത്ര; യുഡിഎഫ് വാഗ്ദാനത്തിന്റെ പള്‍സ് അറിയാന്‍ കെസിയും പിഷാരടിയും
പാലക്കാട്:യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നാണ് അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കും എന്നത്. അഞ്ചിന ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയാണിത്. ഈ വാഗ്ദാനത്തോടുള്ള ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കൊപ്പം കെഎ എസ് ആര്‍ ടി സി ബസില്‍ യാത്ര നടത്തി. കഴിഞ്ഞ ദിവസം പാലക്കാട് കോട്ടമൈതാനത്തുനിന്നും കുഴല്‍മന്ദം വരെയാണ് ഇരുവരും യാത്ര ചെയ്തത്.
പദ്ധതിയെ വലിയതോതില്‍ സ്വീകരിക്കുമെന്ന പ്രതികരണമാണ് യാത്രക്കാരായ സ്ത്രീകളുടേതെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ തന്നെ പദ്ധതി നടപ്പാക്കും. കെ എസ് ആര്‍ ടി സിയെ നഷ്ടത്തില്‍ ആക്കുന്ന പദ്ധതിയാണ് ഇത് എന്ന് ഇടതുപക്ഷക്കാര്‍ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ കര്‍ണാടകയിലും തെലങ്കാനയിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നും സ്ത്രീ യാത്രക്കാരുടെ ടിക്കറ്റിന് ആനുപാതികമായ തുക സബ്സിഡിയായി സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കുമെന്നും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.
ദൈനംദിന ജോലികള്‍ക്കും പഠനത്തിനുമായി ബസിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി വലിയ സാമ്പത്തിക ആശ്വാസമാകുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഇത് വെറുമൊരു വാഗ്ദാനമല്ലെന്നും യുഡിഎഫിന്റെ ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുക എന്നതാണ് ഇന്ദിരാ ഗ്യാരണ്ടിയുടെ ലക്ഷ്യം. ബസിലെ അമ്മമാരുടെയും സഹോദരിമാരുടെയും പ്രതികരണം ഈ പദ്ധതിയുടെ വിജയമാണ് സൂചിപ്പിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Post a Comment