Join News @ Iritty Whats App Group

ഇത്തവണ തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല, പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; കുടമാറ്റത്തിന്റെ പൊലിമ കുറയ്ക്കും, പത്തില്‍ താഴെ കുടകള്‍ മാത്രം മാറ്റും

ഇത്തവണ തൃശൂര്‍ പൂരത്തിന് വെടിക്കെട്ടില്ല, പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; കുടമാറ്റത്തിന്റെ പൊലിമ കുറയ്ക്കും, പത്തില്‍ താഴെ കുടകള്‍ മാത്രം മാറ്റും


മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാന്‍ തീരുമാനം. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനാണ് തീരുമാനം. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം. തൃശൂർ കലക്ട്രേറ്റിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

രാവിലെ പത്തരയോടെ തൃശ്ശൂര്‍ കളക്ടറേറ്റില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇത്തവണത്തെ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി കുടമാറ്റത്തിന്റെ പൊലിമ കുറച്ച് നടത്താനും തീരുമാനം. പത്തില്‍ താഴെ കുടകള്‍ മാത്രമായിരിക്കും മാറ്റുക.

വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്. അപകടത്തിന്റെ വ്യാപ്തിയും നിലവിലെ സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് പൂരത്തിൽനിന്ന് വെടിക്കെട്ട് പൂർണമായും ഒഴിവാക്കാൻ മന്ത്രിമാർ നിർദേശിച്ചു. നാളെ മുതൽ നടത്താനിരുന്ന ചമയ പ്രദർശനം 25 മുതൽ നടക്കും. ഇലഞ്ഞിത്തറ മേളം, മഠത്തിൽ വരവ് ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ യാതൊരുവിധ ആഘോഷങ്ങളുമില്ലാതെ ആചാരമായി മാത്രം നടത്താനാണ് തീരുമാനം.

സാധാരണയായി പൂരം അവസാനിക്കുന്ന സമയത്താണ് വെടിക്കെട്ട് നടത്തുക. ഇത്തവണ ഈ വെടിക്കെട്ടിന് പകരം കതിന പൊട്ടിക്കും. അതേസമയം, ആനകളുടെ എണ്ണത്തിലും മേളത്തിന്റെ കാര്യത്തിലും വ്യത്യാസമുണ്ടാവില്ല. 15 ആനകള്‍ വീതം ഇരുപക്ഷത്തുമായി അണിനിരക്കും എന്നാണ് തീരുമാനം

പകൽപ്പൂരത്തിന് ശേഷമുള്ള പകൽ വെടിക്കെട്ടും വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഘടകക്ഷേത്രങ്ങൾക്ക് നൽകേണ്ട ആനകളുടെ കാര്യത്തിലും അവിടുത്തെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മാറ്റമില്ലാതെ തുടരും.

Post a Comment

أحدث أقدم
Join Our Whats App Group