ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല
ഇസ്ലാമാബാദ്: യുഎസ് - ഇറാൻ ചർച്ചയിൽ ധാരണയിൽ എത്താൻ കഴിഞ്ഞില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. 21 മണിക്കൂറിലേറെ മാരത്തണ്‍ ചർച്ച നടന്നു. റെഡ് ലൈൻ നിശ്ചയിച്ചെന്നും ഇറാൻ ആണവ ആയുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്നും യുഎസ് വൈസ് പ്രസിഡന്‍റ് പറഞ്ഞു. ഇത് അമേരിക്കയുടെ അവസാനത്തെ ഏറ്റവും മികച്ച ഓഫറാണെന്നും ഇറാൻ സ്വീകരിക്കുമോ എന്ന് അറിയാൻ കാത്തിരിക്കുന്നുവെന്നും ജെ ഡി വാൻസ് പ്രതികരിച്ചു.
"അവർ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചു. പ്രസിഡന്റ് (ഡോണൾഡ് ട്രംപ്) പറഞ്ഞത് ഒരു കരാറിലെത്താൻ ശ്രമിക്കണമെന്നാണ്. നിർഭാഗ്യവശാൽ, ഒരു പുരോഗതിയും ഉണ്ടായില്ല"- എന്നാണ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്. 40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഒത്തുതീർപ്പിലെത്താൻ കഴിയാതെ ചർച്ചകൾ വഴിമുട്ടിയ സാഹചര്യമാണ്. അതിനിടെ ഇറാനും പ്രോക്സികൾക്കും എതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ചർച്ചയുടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ചർച്ചയുടെ ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നലെ പറഞ്ഞത്. ചർച്ച സൗഹൃദ അന്തരീക്ഷത്തിൽ പുരോഗമിച്ചെങ്കിലും ശുഭകരമായ വിവരങ്ങൾ ഇല്ലെന്ന് ഇറാൻ ഏജൻസികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ജെഡി വാൻസിന്‍റെ പ്രതികരണം. അതിനിടെ നിയന്ത്രണങ്ങളോടെ ഹോർമുസിൽ കപ്പൽ ഗതാഗതം തുറന്നു എന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വിശദമാക്കിയത്. എന്നാൽ സൈനിക കപ്പലുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
21 മണിക്കൂർ മാരത്തണ്‍ ചർച്ച
ഇസ്ലാമാബാദിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് നേതൃത്വം നൽകിയത്. അമേരിക്കൻ പ്രതിനിധി സംഘത്തിൽ വാൻസിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നർ എന്നിവരും ഇറാന്‍റെ ഭാഗത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തു. ആണവ മേഖല, സാമ്പത്തിക മേഖല, സൈനിക മേഖല, നിയമ മേഖല എന്നിവയിലെ വിദഗ്ദരും ചർച്ചയിൽ നേതാക്കൾക്കൊപ്പം പങ്കെടുത്തു. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുക, ലെബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിലെ ഗതാഗതം, ഇറാന്‍റെ ആണവ പദ്ധതികൾ തുടങ്ങിയ നിർണായക വിഷയങ്ങളാണ് ചർച്ചയിൽ വിഷയമായത്. ആണവ ചർച്ചകളാണ് പ്രധാനമായും വഴിമുട്ടിയത്. യുറേനിയം ശേഖരം രാജ്യത്തു നിന്ന് നീക്കാനുള്ള നിർദേശം എതിർത്തെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
إرسال تعليق