അഞ്ജന പുഴയിൽ വീണ സമയത്ത് പാലത്തിൽ നിന്നൊരാൾ ഓടിരക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: അഞ്ജനയെന്ന കോളേജ് വിദ്യാർത്ഥിനിയെ എറണാകുളം കാലടിയില്‍ പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിനെ സമീപിച്ചു. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനമെങ്കിലും സംഭവത്തില്‍ കുട്ടിയുടെ ആണ്‍സുഹൃത്തിന്‍റെ പങ്കടക്കം അന്വേഷിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയാല്‍ മരണ കാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ഉണ്ടാകുമെന്നും കുടുംബം പറയുന്നു.
ഇക്കഴിഞ്ഞ ഇരുപതാം തീയതി രാവിലെയാണ് കാലടി ചെങ്ങല്‍ റെയില്‍വേ മേല്‍പാലത്തിനു താഴെ പെരിയാറില്‍ കോളജ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥിനി അഞ്ജന ആറ്റിലേക്ക് സ്വയം ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ആത്മഹത്യ ചെയ്യേണ്ടുന്ന സാഹചര്യങ്ങളൊന്നും മകള്‍ക്കുണ്ടായിരുന്നില്ലെന്ന് അമ്മ ബിന്ദു പറയുന്നു. മകള്‍ പുഴയിലേക്ക് വീഴുന്ന സമയത്ത് ആണ്‍സുഹൃത്ത് ഒപ്പമുണ്ടായിരുന്നോ എന്ന സംശയവും കുടുംബത്തിനുണ്ട്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
ആണ്‍സുഹൃത്തുമായി ഇനി ഒത്തു പോകാന്‍ കഴിയില്ലെന്ന് മരണത്തിന് മുമ്പുളള ദിവസങ്ങളില്‍ അഞ്ജന പറഞ്ഞിരുന്നെന്ന് കൂട്ടുകാരില്‍ ചിലര്‍ കുടുംബത്തിന് വിവരം നല്‍കിയിട്ടുണ്ട്. അഞ്ജന പുഴയില്‍ വീണ സമയത്ത് പാലത്തില്‍ നിന്ന് ആരോ ഒരാള്‍ ഓടിരക്ഷപ്പെട്ടെന്ന വിവരം നാട്ടുകാരില്‍ നിന്നും കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബത്തിന്‍റെ പരാതി. കുടുംബമുന്നയിച്ച സംശയങ്ങള്‍ പൊലീസിനുമുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു
إرسال تعليق