കാലാവസ്ഥയും പ്രാധാനം; ഇനി മുതൽ രാജ്യത്തെ തിരഞ്ഞെടുപ്പുകൾ ഡിസംബർ , ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് മാറിയേക്കുമെന്ന് സൂചന
പത്തനംതിട്ട: രാജ്യത്ത് തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കുന്നതിൽ രാഷ്ട്രീയ സാഹചര്യം മാത്രമല്ല, കാലാവസ്ഥയും നിർണായക ഘടകമാകാമെന്ന വിലയിരുത്തൽ ഉയരുന്നു. 2034ഓടെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് പിന്നിൽ കാലാവസ്ഥാപരമായ കാരണങ്ങളും ഉണ്ടാകാമെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഒ പി റാവത്ത് അഭിപ്രായപ്പെട്ടു.
ഇത്തരമൊരു സംവിധാനത്തിലേക്ക് രാജ്യം നീങ്ങിയാൽ നിയമസഭ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളും ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടത്താൻ സാധ്യതയുണ്ടെന്നും റാവത്ത് വ്യക്തമാക്കി. കടുത്ത ചൂട് ഒഴിവാക്കുന്നതിനായാണ് ഈ മാറ്റം പരിഗണിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തിരഞ്ഞെടുപ്പും ആഗോള താപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ക്ലൈമറ്റ് ട്രെൻഡ്സ് ഏജൻസി നടത്തിയ പഠനത്തിലും ഈ വിഷയം ഉയർന്നിട്ടുണ്ട്. രാജ്യത്ത് പല ഭാഗങ്ങളിലും താപനില ഉയർന്ന സാഹചര്യത്തിൽ വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകിട്ട് 6 മുതൽ 6.30 വരെ ദീർഘിപ്പിച്ചതും ഇതിന്റെ ഭാഗമായാണെന്ന് റാവത്ത് പറഞ്ഞു.
അറബിക്കടലിലെ താപനില വർധനയും ഉയരുന്ന ഉഷ്ണകാലാവസ്ഥയും പരിഗണിച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഭാവിയിലെ തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കേണ്ടതുണ്ടെന്ന് പൂണെ ട്രോപ്പിക്കൽ മെറ്റീരിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. റോക്ഷി മാത്യു കോൾ അഭിപ്രായപ്പെട്ടു. കേരളത്തിൽ പൊതുതിരഞ്ഞെടുപ്പുകൾ സാധാരണയായി നടക്കുന്ന മാർച്ച്-ഏപ്രിൽ മാസങ്ങൾ ഏറ്റവും ചൂടേറിയ കാലഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബംഗാളിൽ ഏപ്രിൽ മാസം കടുത്ത ചൂടിനോടൊപ്പം മിന്നൽ മഴയും കൽബൈശാഖി കാലാവസ്ഥയും അനുഭവപ്പെടുന്ന സമയമാണ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇതേ കാലത്ത് കത്തുന്ന ചൂടാണ് അനുഭവപ്പെടുന്നത്. അസമിലാണ് താരതമ്യേന താപനില കുറവുള്ളത്. അവിടെ ബിഹു എന്ന കാർഷിക പുതുവർഷ വസന്തോത്സവകാലവും ഇതേ സമയത്താണ് നടക്കുന്നത്.
Post a Comment