വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷൻ കാര്‍ഡ് ഈ അധ്യയന വര്‍ഷം മുതല്‍ ഡിജിറ്റല്‍
കണ്ണൂർ : സ്വകാര്യ ബസ്സുകളില്‍ വിദ്യാർത്ഥികള്‍ക്കുള്ള യാത്രാ കണ്‍സഷൻ കാർഡ് ഈ അധ്യയന വർഷം മുതല്‍ ഡിജിറ്റലാകുന്നു.
സർക്കാർ, എയ്ഡഡ്,സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികള്‍ക്കും ഇത് ബാധകമാണ്. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേർന്ന സ്റ്റുഡൻസ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ആർ.ടി.ഒ ഉണ്ണികൃഷ്ണൻ ഇ. എസ് പുതിയ കണ്‍സഷൻ കാർഡ് പ്രാബല്യത്തില്‍ വരുന്ന കാര്യം വിശദീകരിച്ചത്.
ആദ്യമായി അതാത് വിദ്യാഭ്യാസ സ്ഥാപനം മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്സ് (MVD Leads) എന്ന വെബ്സൈറ്റില്‍ കയറി സ്ഥാപനം രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ആ സ്ഥാപനത്തിലെ വിദ്യാർത്ഥി എംവിഡി ലീഡ്സ് എന്ന ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത്, മൊബൈല്‍ നമ്പറും പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും മറ്റ് വിവരങ്ങളും അപ്‌ലോഡ് ചെയ്ത് കാർഡിന് അപേക്ഷിക്കണം.
വിദ്യാർത്ഥിയുടെ അപേക്ഷ ആദ്യം സ്ഥാപന മേധാവിക്കാണ് ലഭിക്കുക. സ്ഥാപനമേധാവി അപ്പ്രൂവ് ചെയ്തശേഷം ആർ.ടി.ഒയ്ക്ക് ഫോർവേഡ് ചെയ്യും. ആർ.ടി.ഒ തലത്തില്‍ കൂടി പരിശോധിച്ച് അർഹതപ്പെട്ടതാണെന്ന് ബോധ്യമായാലാണ് കണ്‍സെഷൻ കാർഡ് അനുവദിക്കുക.
വിദ്യാർഥികള്‍ക്ക് കാർഡ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സേവ് ചെയ്തു യാത്രവേളയില്‍ ബസ് കണ്ടക്ടറെ കാണിക്കാം. അല്ലെങ്കില്‍ പ്രിൻറ് ഔട്ട് എടുത്തും യാത്രവേളയില്‍ ഉപയോഗിക്കാം. കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ വിദ്യാർത്ഥിയുടെ പാസ് യഥാർത്ഥമാണോ അല്ലയോ, കാലാവധി കഴിഞ്ഞോ എന്ന് അറിയാൻ കഴിയും. വിദ്യാർത്ഥിയുടെ പേര്, പഠിക്കുന്ന സ്ഥാപനം, വിലാസം, കോഴ്സ്, കാർഡിന്റെ കാലാവധി, ആർ.ടി.ഒ ഓഫീസ് പരിധി തുടങ്ങിയ എല്ലാ വിവരങ്ങളും കാർഡില്‍ ഉണ്ടാകും.
പുതിയ കാർഡ് പ്രാബല്യത്തില്‍ വരാൻ മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അത്രയും സമയം
നിലവിലെ രീതിയില്‍ തന്നെ കണ്‍സഷൻ കാർഡ് ഉപയോഗിച്ച് വിദ്യാർത്ഥികള്‍ക്ക് യാത്ര ചെയ്യാം.
ഏതെങ്കിലും വിദ്യാർത്ഥി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അറിവോടെ കണ്‍സഷൻ കാർഡ്
ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കണ്‍സഷൻ കാർഡുകള്‍ റദ്ദാക്കുമെന്ന് ജില്ലാ കളക്ടർ പി വിഷ്ണുരാജ് അറിയിച്ചു.
ബസുകള്‍ സ്കൂള്‍ സ്റ്റോപ്പില്‍ കൃത്യമായി നിർത്തി വിദ്യാർഥികളെ കയറ്റണം. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കും. സ്കൂള്‍ കുട്ടികള്‍ സ്റ്റോപ്പില്‍ ബസ് കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോള്‍ ഒരു അധ്യാപകനെ അവിടെ നിയമിക്കണം. തിരക്കുള്ള, പ്രധാന ബസ് സ്റ്റോപ്പുകളില്‍ പോലീസിന്റെ സാന്നിധ്യവും ഉണ്ടാകണം.
സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം മുതലായ അവധി ദിവസങ്ങളില്‍ യൂണിഫോമില്‍ ബസില്‍ കയറുന്ന വിദ്യാർത്ഥികള്‍ക്ക് പാസ് അനുവദിക്കണമെന്നും കലക്ടർ നിഷ്കർഷിച്ചു.
കണ്‍സെഷൻ സംബന്ധിച്ചു ബസുകള്‍ക്കെതിരെ വിദ്യാർത്ഥികള്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം പ്രിൻസിപ്പലിനെ അറിയിക്കുകയും പ്രിൻസിപ്പല്‍ ഇക്കാര്യം ആർ.ടി.ഒയില്‍ അറിയിക്കുകയുമാണ് വേണ്ടത്.
സ്റ്റാൻഡില്‍ സീറ്റുകള്‍ നിറയുന്നത് വരെ വിദ്യാർത്ഥികളെ കയറ്റാതെ മഴയത്തും വെയിലത്തും കാത്തുനിർത്താൻ പാടില്ല. വിദ്യാർത്ഥികളെ ഷെഡ്ഡില്‍ നിർത്തി ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ ഘട്ടം ഘട്ടമായി തിരക്കനുസരിച്ചു ബസുകളില്‍ കയറ്റണമെന്ന് ആർ.ടി.ഒ നിർദേശിച്ചു.
രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ ആണ് കണ്‍സഷൻ കാർഡ് ലഭിക്കുന്ന സമയം. വിദ്യാർത്ഥി ബസില്‍ കയറുന്ന സമയം നോക്കിയാണ് ഇത് കണക്കാക്കുക. നമ്മുടെ കുട്ടികള്‍ ആണ് എന്ന പരിഗണനയോടെ വേണം വിദ്യാർത്ഥികളോട് ഇടപെടാനെന്ന് ജില്ലാ കലക്ടർ ഓർമിപ്പിച്ചു.
അസി. കളക്ടർ എസ് സ്വാതി, കണ്ണൂർ ഡി.ഇ.ഒ ദീപ വി, വിദ്യാർത്ഥി സംഘടന പ്രതിനിധികള്‍, ജില്ലാ ബസ് ഓപറേറ്റേഴ്സ്, പാരലല്‍ കോളേജ് അസോസിയേഷൻ, പോലീസ്, എം.വി.ഡി ഓഫീസ് പ്രതിനിധികള്‍ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
Post a Comment