കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത, ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ; യുഡിഎഫിന് നേരിയ മേൽക്കൈ, എൽഡിഎഫും ഭരണത്തിലേറാം, ബിജെപിക്ക് മുന്നേറ്റം
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം പുറത്തുവന്നു. കേരളത്തിൽ തൂക്കുസഭയ്ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യു ഡി എഫും എൽ ഡി എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് ടുഡെയ്‌സ് ചാണക്യ പറയുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം യു ഡി എഫിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും എൽ ഡി എഫിനും ഭരണത്തിലേറാം. യു ഡി എഫ് 60 മുതൽ 78 സീറ്റുകൾ വരെ നേടിയേക്കാമെന്ന് പ്രവചിക്കുമ്പോൾ എൽ ഡി എഫ് 55 മുതൽ 73 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൾ. ഇതിനൊപ്പം തന്നെ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ മുന്നണിക്കും വലിയ നേട്ടമുണ്ടാകുമെന്നും പ്രവചനം ചൂണ്ടികാട്ടുന്നു. എൻ ഡി എ 3 മുതൽ 11 സീറ്റുകൾ വരെ നേടി നിർണ്ണായക ശക്തിയാകുമെന്നാണ് ചാണക്യയുടെ പ്രവചനം. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഇക്കുറി തൂക്കുസഭയാകുമെന്നാണ് വിലയിരുത്തൽ.
സമുദായ കണക്ക് വെച്ചുള്ള സർവ്വേ
ടുഡെയ്സ് ചാണക്യയുടെ എക്സിറ്റ്പോളിൽ കേരളത്തിലെ സമുദായങ്ങളുടെ വോട്ട് വിഹിതം ആർക്ക് അനുകൂലമെന്നും ചൂണ്ടികാട്ടുന്നതാണ്. നായർ വോട്ടുകളിൽ ബി ജെ പിക്കാണ് വലിയ മുന്നേറ്റം കാണിക്കുന്നത്. ബി ജെ പിക്ക് 39 ശതമാനം നായർ വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. യു ഡി എഫ് 32 ശതമാനവും എൽ ഡി എഫ് 28 ശതമാനവും വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. മുസ്ലിം വോട്ടുകൾ യു ഡി എഫിലേക്ക് ഒഴുകിയെന്നും സർവെ പറയുന്നത്. 62 ശതമാനം മുസ്ലിം വോട്ടുകളും യു ഡി എഫിന്‍റെ പെട്ടിയിലാണ് വീണതെന്നാണ് പ്രവചനം. എൽ ഡി എഫിന് 33 ശതമാനവും ബി ജെ പിക്ക് 4 ശതമാനവുമാണ് ലഭിക്കുക. ഈഴവ സമുദായത്തിന്‍റെ കാര്യത്തിലാകട്ടെ എൽ ഡി എഫ് മേൽക്കൈ തുടരുമെന്നും സർവെ പറയുന്നു. 47 ശതമാനത്തോളം ഈഴവ വോട്ടുകളും എൽ ഡി എഫിനാകും ലഭിക്കുക. 20 ശതമാനം വോട്ടിലേക്ക് യു ഡി എഫ് ഒതുങ്ങുമ്പോൾ ബി ജെ പി 32 ശതമാനത്തോളം നേടുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ വിഭാഗം ഇക്കുറിയും യു ഡി എഫിന് അനുകൂലമാണ്. 53 ശതമാനം വോട്ടും യു ഡി എഫിനായിരിക്കുമെന്നാണ് പ്രവചനം. 34 ശതമാനം എൽ ഡി എഫിനും 11 ശതമാനം ബി ജെ പിക്കും ലഭിക്കും. എസ് സി വിഭാഗത്തിൽ എൽഡിഎഫിന് 49 ശതമാനവും യു ഡി എഫിന് 31 ശതമാനവും ബി ജെ പിക്ക് 18 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. മൊത്തം വോട്ട് വിഹിതത്തിന്‍റെ കാര്യത്തിൽ യു ഡി എഫ് 40 ശതമാനവും എൽ ഡി എഫ് 38 ശതമാനവും എൻ ഡി എ 20 ശതമാനവും നേടുമെന്നാണ് സൂചന.
അസമിൽ ബി ജെ പി
അസമിൽ ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ സഖ്യം വലിയ വിജയം നേടുമെന്നാണ് ടുഡെയ്‌സ് ചാണക്യയുടെ പ്രവചനം. ആകെയുള്ള 126 സീറ്റുകളിൽ 93 മുതൽ 111 സീറ്റുകൾ വരെ നേടി എൻ ഡി എ അധികാരം നിലനിർത്തുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 14 മുതൽ 32 സീറ്റുകളിലേക്ക് ചുരുങ്ങാനാണ് സാധ്യത. എൻ ഡി എ 50 ശതമാനം വോട്ട് വിഹിതം നേടുമെന്ന് പ്രവചിക്കപ്പെടുമ്പോൾ കോൺഗ്രസിന് 38 ശതമാനം വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. മെയ് 4 നാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.
Post a Comment