'കേന്ദ്രം കേരളത്തെ പരീക്ഷണശാലയാക്കി, ഘടകകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ് നല്‍കി'; രൂക്ഷവിമര്‍ശനവുമായി പ്രാദേശിക നേതാക്കള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗങ്ങളില്‍ ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പ്രാദേശിക നേതാക്കള്‍.
ഘടകക്ഷികള്‍ക്ക് വാരിക്കോരി സീറ്റ് നല്‍കിയതും സർവേ നടത്തി സ്ഥാനാർത്ഥികളെ തീരുമാനിച്ചതിലും അവർ കടുത്ത വിയോജിപ്പ് അറിയിച്ചു.
ഘടകകക്ഷികളായ ബിഡിജെഎസിനും ട്വന്റി 20ക്കും സീറ്റ് നല്‍കുന്നതില്‍ തീരുമാനമെടുത്തത് കേന്ദ്രമാണെന്നാണ് സംസ്ഥാന നേതാക്കള്‍ നല്‍കിയ വിശദീകരണം. സർവേകളിലൂടെയാണ് കേന്ദ്രം ഈ തീരുമാനമെടുത്തത്. എന്നാല്‍, ഇങ്ങനെ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നത് കേരളത്തിന് യോജിച്ച രീതിയല്ലെന്നും ഓരോ തിരഞ്ഞെടുപ്പിലും കേരളത്തെ കേന്ദ്രം പരീക്ഷണശാലയായി കണക്കാക്കുകയാണെന്നും ചില നേതാക്കള്‍ വിമർശിച്ചു. ക്രിസ്‌ത്യൻ ഔട്ട്‌റീച്ച് നടത്തിയതിന്റെ യാതൊരു ഫലവും തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നും പ്രാദേശികനേതാക്കള്‍ തുറന്നടിച്ചു.
ട്വന്റി 20ക്ക് 19 സീറ്റ് നല്‍കിയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്‌ചയാണ്. സംഘപരിവാറിന്റെ ശക്തിയുള്ള മണ്ഡലങ്ങള്‍ പോലും ഇതുപോലൊരു പാർട്ടിക്ക് നല്‍കിയതില്‍ പ്രാദേശിക നേതാക്കള്‍ കുറ്റപ്പെടുത്തി. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയുണ്ടോ എന്ന് ചോദിച്ച് ട്വന്റി 20 നേതാക്കള്‍ നടക്കുകയായിരുന്നു. നേരത്തേ ബിജെപി ഒഴിവാക്കിയ നേതാക്കള്‍ പോലും ട്വിന്റി 20 സ്ഥാനാർത്ഥികളായി വന്നു. സ്ഥാനാർത്ഥികളില്‍ പലർക്കും രാഷ്‌ട്രീയ പ്രവർത്തനമോ തിരഞ്ഞെടുപ്പ് പ്രവർത്തനമോ അറിയില്ലായിരുന്നുവെന്നും വിമർശനങ്ങളുയർന്നു.
വോട്ടർപട്ടികയില്‍ പേരുണ്ടോ എന്നുപോലും പ്രാഥമിക പരിശോധന നടത്തിയില്ല. ഒന്നുമറിയില്ലെന്ന ക്ഷമാപണത്തോടെയാണ് ഘടകകക്ഷി സ്ഥാനാർത്ഥികള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളിലെത്തിയതെന്നും ബിജെപി പ്രാദേശിക നേതാക്കള്‍ വിമർശിച്ചു.
Post a Comment