Join News @ Iritty Whats App Group

കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ നിന്ന് ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി

കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ നിന്ന് ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി


തൃശൂർ:തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീടിന്റെ കിടപ്പുമുറിയിൽ നിന്ന് ഇന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്നലെയും ഇവിടെ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽ നിന്ന് ഇതുവരെ നാല് പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തും. കുട്ടിയെ കടിച്ച ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് നാലു തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അനോഷിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. ട്യൂബുകൾ മാറ്റിയെന്നും ഡോക്ടർമാർ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളിൽ സംസാരിച്ചു. കുട്ടിയെ എഴുന്നേൽപ്പിച്ച് നിർത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും ചികിത്സയിൽ ഗുണമായി.

കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അത്. വീട്ടിൽ കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്. എട്ട് വയസുകാരൻ ആൽജോ കഴിഞ്ഞ ദിവസമാണ് മരിച്ചത്. കുട്ടിയുടെ മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കണ്ടെത്തൽ. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് എന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

ദിവസങ്ങൾക്ക് മുമ്പാണ് അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്. അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കുട്ടികൾ കിടന്നിരുന്നു. അന്നേ ദിവസം പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമാവുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group