“ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുത്’; രാഷ്ട്രപതിക്കും ചീഫ് ജസ്റ്റീസിനും നിവേദനം നല്കി അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ അതിജീവിത. ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും നിവേദനം നല്കി. മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധനയില്‍ ജഡ്ജി ഭാഗമാണെന്നാണ് അതിജീവിതയുടെ പരാതി. ഹണി എം. വര്‍ഗീസിന് സ്ഥാനക്കയറ്റം നല്കാന് ഹൈക്കോടതി ശുപാര്‍ശ ചെയ്ത സാഹചര്യത്തിലാണ് നിവേദനം.
കേസില്‍ തനിക്ക് നീതി ലഭിച്ചില്ല എന്നാണ് പ്രധാനമായും അതിജീവിത ഉന്നയിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധന നടത്തി. അതിന്റെ ഭാഗമാണ് ജഡ്ജിയായ ഹണി എം. വര്‍ഗീസ്. പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന ആശങ്ക തനിക്ക് ഇപ്പോഴുമുണ്ട്.
ദിലീപടക്കമുള്ളവരെ വെറുതെ വിട്ടുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. തനിക്ക് കേസില്‍ നീതി ലഭിച്ചില്ല എന്ന് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിയമമന്ത്രിക്കും അതിജീവിത പരാതി നല്‍കിയിട്ടുണ്ട്.
ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജി ആക്കാന്‍ ഹൈക്കോടതി കൊളീജിയം കഴിഞ്ഞ ദിവസം ശിപാര്‍ശ നല്‍കിയിരുന്നു. ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് ശിപാര്‍ശ. അഞ്ച് ജഡ്ജിമാരെയാണ് ഹൈക്കോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്.
إرسال تعليق