വീട്ടിലെ വോട്ട്; ബാലറ്റ് പെട്ടിയിലെ വലിയ ദ്വാരത്തില്‍ ദുരൂഹത: കോണ്‍ഗ്രസ്
ഇരിട്ടി: വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ്പെട്ടിയിലെ വലിയ ദ്വാരത്തില്‍ അടിമുടി ദുരൂഹതയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പേരാവൂർ നിയോജകമണ്ഡലത്തില്‍ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലുപ്പം മാധ്യമപ്രവർത്തകർക്ക് മുന്നില്‍ അദ്ദേഹം പ്രദർശിപ്പിച്ചു. വിരലുകള്‍ കടക്കാൻ പറ്റുന്ന വലുപ്പത്തിലുള്ള ദ്വാരം ബാലറ്റ്പെട്ടിക്ക് എന്തിനാണെന്ന് സണ്ണി ജോസഫ് ചോദിച്ചു.
ഒരുചെറിയ ബാലറ്റ് പേപ്പർ പെട്ടിക്കുള്ളിലേക്കു നിക്ഷേപിക്കാൻ ദ്വാരത്തിന് ഇത്ര വലുപ്പം വേണോ. ഒരു സുരക്ഷിതത്വവും ഇല്ല. ബാലറ്റ് പെട്ടി കുത്തനെ പിടിച്ചാല്‍ പെട്ടിക്കുള്ളിലെ ബാലറ്റ് പുറത്തേക്ക് വീഴും. ഈർക്കിലിയോ ചെറിയ കമ്പി കഷണമോ ഉപയോഗിച്ച് ദ്വാരത്തിലൂടെ ബാലറ്റ് എളുപ്പത്തില്‍ പുറത്തെടുക്കാൻ പറ്റും.
അമ്പലങ്ങളിലും പള്ളികളിലും നേർച്ചപ്പെട്ടിക്ക് ഉണ്ടാക്കിയ ദ്വാരം മാത്രമേ ഇതിനും ആവശ്യമുള്ളൂ. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഇതിന്റെ യാഥാർഥ്യം മനസിലാക്കി പ്രവർത്തിക്കുമെന്ന ധാരണയില്‍ ചിത്രസഹിതം കളക്ടറുമായി സംസാരിച്ചു. പരിഹാരം ഉണ്ടാക്കാമെന്ന് പറയുന്നതിനുപകരം തട്ടിക്കയറുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
നിങ്ങള്‍ പത്രക്കാരോട് പറഞ്ഞോളു, അല്ലെങ്കില്‍ മുകളില്‍ പറഞ്ഞോളു എന്ന സമീപനമാണ് ഉണ്ടായത്. അദ്ദേഹം ഭരണകക്ഷിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. ഇതിനെ ചോദ്യംചെയ്യുകതന്നെ ചെയ്യും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തുന്ന മനഃപൂർവവും ബോധപൂർവുമായ ശ്രമമാണോയെന്ന് സംശയിക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് നടത്തേണ്ടത് സർക്കാരല്ല, ഇലക്ഷൻ കമ്മീഷനാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കണ്ണൂർ ജില്ലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം
കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുപ്പ് നീതിപൂർവമാക്കൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോ ഉടപെടണം. തെരഞ്ഞെടുപ്പ് ഏകപക്ഷീയമാക്കാൻ ഭരണകക്ഷിയായ സിപിഎമ്മിന് ഒത്താശ ചെയ്യുന്ന സമീപനമാണ് ജില്ലാ ഭരണാധികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചെയ്യുന്നത്.
പേരാവൂർ നിയോജകമണ്ഡലത്തില്‍ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ബാലറ്റ് ഇതുവരെ കിട്ടിയിട്ടില്ല. ഇത് എന്ന് കിട്ടുമെന്നതില്‍ ഉത്തരവുമില്ല. മറ്റ് നിയോജകമണ്ഡലങ്ങളിലെല്ലാം ബാലറ്റ് കിട്ടിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
إرسال تعليق