“അച്ഛനെയും കൊല്ലണം!”; അമ്മയെ കൊലപ്പെടുത്തിയ ശേഷം അയൽവാസിയോട് ക്രൂരത വെളിപ്പെടുത്തി ക്രിസ്റ്റി
കേളകം : കൊളക്കാട് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ക്രിസ്റ്റിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം “അച്ഛനെയും കൊല്ലണം” എന്ന് ക്രിസ്റ്റി തന്നോട് പറഞ്ഞതായി അയൽവാസി നിപുൻ വെളിപ്പെടുത്തി. തന്നെ ഇത്തരത്തിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി ആരോപിച്ചതായും അയൽവാസി പറഞ്ഞു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗം ഗീതമ്മ (50) മകൻ ക്രിസ്റ്റിയുടെ (25) കൈകളാൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം വീട്ടിൽ നിന്നിറങ്ങിയ ക്രിസ്റ്റി, തന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ടുവിടാമോ എന്ന് അയൽവാസിയോട് ചോദിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചതും അറസ്റ്റ് രേഖപ്പെടുത്തി.
ഗീതമ്മയും ക്രിസ്റ്റിയും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേളകത്ത് ‘മൊണാലിസ’ എന്ന പേരിൽ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു ഗീതമ്മ. സംഭവസമയത്ത് ഭർത്താവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പ്രാദേശിക വൃത്തങ്ങളിൽ നിന്നുള്ള സൂചന. സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കണ്ണൂരിനെ നടുക്കിയ ഈ കൊലപാതകത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘം ഇന്ന് വീട്ടിൽ പരിശോധന നടത്തും. മകൻ തന്നെ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത് നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
Post a Comment