മകന് ലഹരി നൽകുന്നത് വിലക്കിയിട്ടും തുടർന്നു; യുവാവിനെ കുത്തിപരിക്കേൽപിച്ചു അച്ഛൻ; ഗുരുതര പരിക്കേറ്റ വിജിൻ കാപ്പ കേസ് പ്രതി
തിരുവനന്തപുരം: മകനെ ലഹരിക്ക് അടിമയാക്കിയ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അച്ഛൻ പിടിയിൽ. കടകംപള്ളി സ്വദേശി സതീഷ് കുമാർ ആണ് പിടിയിലായത്. സതീഷ് കുമാറിന്റെ മകന്റെ സുഹൃത്ത് വിജിൻ വിക്ടർ (32) ആണ് ആക്രമിക്കപ്പെട്ടത്.
മകന് ലഹരി എത്തിച്ചുനൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സതീഷ് കുമാർ പല തവണ വിലക്കിയിട്ടും മകന് വിജിൻ കഞ്ചാവും മദ്യവും എത്തിച്ചു നൽകിയിരുന്നതായി പോലീസ് പറയുന്നു.
ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിന് സമീപത്ത് വച്ചാണ് തർക്കമുണ്ടായത്. സതീഷ് കുമാർ വിജിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിജിൻ വിക്ടർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിജിൻ പേട്ട പോലീസ് സ്റ്റേഷനിൽ കാപ്പ ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ സതീഷ് കുമാറിനെ റിമാൻഡ് ചെയ്തു.
إرسال تعليق