Join News @ Iritty Whats App Group

കൂടുമാറിയതിന് പിന്നാലെ എംപിമാർക്കെതിരെ ചടുല നീക്കവുമായി എഎപി; രാഘവ് ഛദ്ദയെ അടക്കം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി

കൂടുമാറിയതിന് പിന്നാലെ എംപിമാർക്കെതിരെ ചടുല നീക്കവുമായി എഎപി; രാഘവ് ഛദ്ദയെ അടക്കം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി



ദില്ലി: രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് എംപിമാരെ അയോഗ്യരാക്കണം എന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാന് കത്ത് നൽകി എഎപി. പാർട്ടി എംപിമാർ ആയിരിക്കെ സ്ഥാനം രാജിവെക്കാതെ മറ്റൊരു പാർട്ടിയിൽ ചേർന്നതോടെ മൂന്ന് പേരും അയോഗ്യരായെന്നാണ് എഎപിയുടെ വാദം. അതേസമയം രാഘവ് ഛദ്ദ അവകാശപ്പെടുന്നത് ആകെയുള്ള പത്ത് എഎപി എംപിമാരിൽ താൻ ഉൾപ്പെടെ ഏഴ് എംപിമാർ പാർട്ടി വിട്ട് ബിജെപിക്കൊപ്പമാണ് എന്നാണ്. രാജ്യസഭയിലെ എഎപി എംപിമാരുടെ മൂന്നിൽ രണ്ട് ഭാഗവും കൂടുമാറുന്നതിനാൽ അയോഗ്യതാ ഭീഷണി ഒഴിവാക്കി ബിജെപിയുമായി ലയിക്കാൻ കഴിയുമെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു.

നിലവിൽ മൂന്ന് എംപിമാരാണ് ബിജെപി അംഗത്വമെടുത്തത്. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ബിജെപി ആസ്ഥാനത്ത് എത്തിയത്. മധുരം നൽകിയാണ് ബിജെപി അധ്യക്ഷൻ മൂവരെയും സ്വീകരിച്ചത്. സ്വാതി മലിവാൾ, ഹർഭജൻ സിങ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിക്കൊപ്പം ചേരുമെന്നാണ് രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടത്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപിക്ക് കനത്ത തിരിച്ചടിയാണ് എംപിമാരുടെ ഈ അപ്രതീക്ഷിത നീക്കം. താൻ 15 വർഷത്തോളം എഎപിക്കായി സ്വയം സമർപ്പിച്ചെന്നും എന്നാൽ പാർട്ടി ഇപ്പോൾ അതിന്‍റെ ലക്ഷ്യങ്ങളിൽ നിന്നും അഴിമതി വിരുദ്ധ പോരാട്ടങ്ങളിൽ നിന്നും വ്യതിചലിച്ചെന്നും രാഘവ് ഛദ്ദ ആരോപിച്ചു. താൻ തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ പാർട്ടിയുമായി പൂർണ്ണമായി അകന്നിരുന്നു. പുതിയ ഉപ നേതാവായി പ്രഖ്യാപിച്ച അശോക് മിത്തലിനെ അടക്കം ഒപ്പം കൂട്ടിയാണ് രാഘവ് ഛദ്ദയുടെ മിന്നൽ നീക്കം. രാഘവ് ഛദ്ദയ്ക്ക് കേന്ദ്ര മന്ത്രി സ്ഥാനം ഓഫർ കിട്ടിയതു കൊണ്ടാണ് പോയതെന്ന് എഎപി വൃത്തങ്ങൾ ആരോപിച്ചു. ഓപ്പറേഷൻ ലോട്ടസ് ആണ് നടന്നതെന്നും ഇതുവഴി ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ചെയ്യുന്നതെന്നും സഞ്ജയ് സിങ് പ്രതികരിച്ചു. പഞ്ചാബിലെ ജനങ്ങൾ ആ ഏഴു പേർക്കും മാപ്പ് നൽകില്ലെന്ന് സഞ്ജയ് സിങ് വിമർശിച്ചു. ഭയമോ പ്രലോഭനമോ കാരണമാണ് ഇവർ പാർട്ടി വിട്ടതെന്നും എഎപി നേതൃത്വം പ്രതികരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group