സിപിഎമ്മിൽ തെറ്റുതിരുത്തൽ അനിവാര്യം; തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രക്രിയ; ജി. സുധാകരനെ തള്ളി വീണ്ടും എം.എ ബേബി
തിരുവനന്തപുരം: സിപിഎമ്മിൽ തെറ്റുതിരുത്തൽ പ്രക്രിയ അനിവാര്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം അത്തരം ചർച്ചകളിലേക്കു കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിലെ ചില മുതിർന്ന നേതാക്കൾതന്നെ പാർട്ടി വിട്ടു കോണ്ഗ്രസ് ചേരിയിൽ സ്ഥാനാർഥികളായത് തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് ഉടൻ കടക്കേണ്ടതുണ്ടെന്ന സൂചനയാണ് നൽകുന്നത്. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമായി നടപടികളുണ്ടാകും. പാർട്ടി കോണ്ഗ്രസ് തെറ്റുതിരുത്തൽ നടപടികളും നയരേഖകളും അംഗീകരിക്കുന്നുണ്ട്.
എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും തെറ്റുതിരുത്തൽ നടപടി സ്വീകരിക്കാറുണ്ട്. ജി. സുധാകരനും പി.കെ.ശശിയും ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടിവിട്ട് എതിർ ചേരിയിൽ സ്ഥാനാർഥികളായതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇതൊന്നും ഒരുതരത്തിലുള്ള വെല്ലുവിളിയുമല്ലെന്നായിരുന്നു മറുപടി. ചിലർ പോകുമ്പോൾ പാർട്ടി രക്ഷപ്പെടുന്ന സാഹചര്യവുമുണ്ട്.
ജി. സുധാകരൻ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു പോയത് അദ്ദേഹത്തിന്റെ എത്രവലിയ തകർച്ചയെയാണ് കാണിക്കുന്നത്. തൊഴിലാളികൾ അടക്കമുള്ള, വിശ്വസിച്ച ജനസഞ്ചയത്തോട് കാട്ടുന്ന വിശ്വാസമില്ലായ്മയല്ലേ ഇത്.
മുമ്പ് കണ്ണൂരിൽ എം.വി. രാഘവനും പാട്യം രാജനും ആലപ്പുഴയിൽ കെ.ആർ. ഗൗരിയമ്മയും അടക്കമുള്ള വലിയ നേതാക്കൾ പാർട്ടി വിട്ടപ്പോഴും പ്രതിസന്ധി നേരിട്ടെങ്കിലും പാർട്ടിയെ കാര്യമായി ബാധിച്ചില്ല. അവസാനകാലത്ത് ഇവരെല്ലാം പാർട്ടിയുടെ ഭാഗമായിരുന്നുവെന്ന കാര്യം ഇപ്പോൾ വിട്ടുപോയവർ ഓർത്താൽ നന്നെന്നും അദ്ദേഹം പറഞ്ഞു.
Post a Comment