റോഡ് തകര്‍ന്നിട്ട് മാസങ്ങളായി; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല
ഇറിഗേഷന്റെ വകുപ്പിന്റെ കീഴിലുള്ള രണ്ട് റോഡുകള്‍ തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.
മട്ടന്നൂര്‍ തലശേരി റോഡിലെ പഴശ്ശി കനാലിന്റെ ഇരുകരയിലും ഉള്ള രണ്ട് റോഡാണ് തകര്‍ന്നത്. ഇപ്പോള്‍ റോഡിന്റെ അവശേഷിക്കുന്ന ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. എതിര്‍ഭാഗത്ത് മട്ടന്നൂര്‍ സബ് രജിസ്‌ട്രാര്‍ ഓഫീസിന് സമീപത്തും കനാലിന്റെ അരികിടിഞ്ഞ് അപകടഭീഷണിയിലാണ്.
മാസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് പുതുക്കിപ്പണിത കുഞ്ഞിപ്പള്ളിവളയാല്‍ കനാല്‍ റോഡാണ് തകര്‍ന്നത്. കഴിഞ്ഞ മഴക്കാലത്താണ് റോഡിലും സംരക്ഷണഭിത്തിയിലും വിള്ളല്‍ വീണത്. തുടര്‍ന്ന് റോഡ് പൂര്‍ണമായി തകരുകയായിരുന്നു. കനാല്‍ക്കരയില്‍ നിര്‍മിച്ച സംരക്ഷണഭിത്തിയിലും വലിയ വിള്ളലുകള്‍ വീണിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളത്തിലേക്കും കാര,തെളുപ്പ് ഭാഗങ്ങളിലേക്കും എത്താന്‍ നിരവധി പേര്‍ എത്തുന്ന റോഡാണിത്. മഴ എത്തുന്നതോടെ പ്രദേശവാസികളുടെ യാത്ര വീണ്ടും ദുഷ്‌കരമാകും.
നാലു വര്‍ഷം മുമ്പ് കനാല്‍റോഡ് ഇടിഞ്ഞ് താഴ്‌ന്നിരുന്നു. കനാലിന്റെ എതിര്‍വശമുള്ള ഓവുചാലിലൂടെ വെള്ളം ഒഴുകിയെത്തിയതാണ് കനാല്‍ഭിത്തി തകരാന്‍ ഇടയാക്കിയത്. തുടര്‍ന്ന് 92 ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണഭിത്തി ഉള്‍പ്പടെ നിര്‍മിച്ചത്. 60 മീറ്റര്‍ നീളത്തിലാണ് സുരക്ഷാഭിത്തി പണിതത്. പണി പൂര്‍ത്തിയായി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് മഴക്കാലത്ത് വീണ്ടും റോഡ് തകര്‍ന്നത്. റോഡിന്റെ കോണ്‍ക്രീറ്റിട്ട ഭാഗം മണ്ണില്‍ നിന്ന് അടര്‍ന്നുപോകുകയായിരുന്നു. തുടര്‍ന്ന് ഇവിടെ റോഡിന്റെ ഒരു വശം കാടുമൂടിക്കിടക്കുകയാണ്. കനാലിന്റെ അരികിലുള്ള മരം കടപുഴകിയതിനെ തുടര്‍ന്നാണ് സബ് രജിസ്‌ട്രാര്‍ ഓഫീസിന് സമീപം റോഡരിക് തകര്‍ന്നിട്ടുള്ളത്. കല്ലൂരിലും മഴക്കാലത്ത് കനാലിന്റെ അരികുവശം ഇടിഞ്ഞുതാഴ്‌ന്നിരുന്നു. വന്‍തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിട്ടും പഴശ്ശി കനാലിന്റെ പലഭാഗങ്ങളും ഇപ്പോഴും കാടുമൂടിക്കിടക്കുകയാണ്. വെള്ളം തുറന്നുവിടുമ്പോള്‍ ചോര്‍ച്ചയുണ്ടാകുന്നതും പതിവാണ്.
Post a Comment