Join News @ Iritty Whats App Group

അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ; 'പുതിയ ആക്രമണം നടത്തിയാൽ തിരിച്ചടിക്കും, കരാർ നടപ്പിലാക്കിയത് മുതൽ അമേരിക്ക ലംഘിച്ചു'

അമേരിക്കയുമായി ചർച്ചയില്ലെന്ന് ഇറാൻ; 'പുതിയ ആക്രമണം നടത്തിയാൽ തിരിച്ചടിക്കും, കരാർ നടപ്പിലാക്കിയത് മുതൽ അമേരിക്ക ലംഘിച്ചു'


ടെഹ്റാൻ: അമേരിക്കയുമായി പുതിയ ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് അരാ​ഗ്ച്ചി. നേരത്തെ ചർച്ചകൾക്കിടെ യുഎസ് നടത്തിയ ആക്രമണങ്ങൾ മറക്കാൻ കഴിയില്ലെന്നും വെടിനിർത്തൽ കരാർ നടപ്പിലാക്കിയതിന്റെ തുടക്കം മുതൽ തന്നെ അമേരിക്ക അത് ലംഘിച്ചുവെന്നും അബ്ബാസ് അരാ​ഗ്ച്ചി പറഞ്ഞു. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മുമ്പ് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരുന്നു. സമുദ്ര ഉപരോധം ഏർപ്പെടുത്തുകയും ഇറാനിയൻ കപ്പലിനെ ആക്രമിക്കുകയും ചെയ്തു. ഇത് വെടിനിർത്തലിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഇറാൻ പറയുന്നു.

പുതിയ ആക്രമണം ആരംഭിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കിൽ തിരിച്ചടിക്കുമെന്നും ഇറാൻ വ്യക്തമാക്കി. ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവിൻ്റെ പ്രതികരണം. അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാനിയൻ റവല്യൂഷണറി ഗാർഡ് വെടിവെപ്പ് നടത്തിയതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് മേഖലയിൽ ഇന്ത്യൻ നാവികസേന സുരക്ഷാ വലയം കടുപ്പിച്ചു. പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് സേന കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാന്‍റെ തന്ത്രപ്രധാനമായ ലാറക് ഐലൻഡിന് സമീപത്തുനിന്ന് വിട്ടുനിൽക്കണമെന്നും നാവികസേനയുടെ നേരിട്ടുള്ള നിർദ്ദേശം ലഭിച്ചാൽ മാത്രം യാത്ര തുടർന്നാൽ മതിയെന്നുമാണ് പുതിയ അറിയിപ്പ്. നിലവിൽ ഹോർമുസ് കടലിടുക്ക് കടക്കാൻ കാത്തുനിൽക്കുന്ന എല്ലാ ഇന്ത്യൻ കപ്പലുകളുടെയും സുരക്ഷയ്ക്കാണ് സേന മുൻഗണന നൽകുന്നത്.

സംഘർഷഭരിതമായ ഈ സാഹചര്യത്തിലും പതിനൊന്ന് ഇന്ത്യൻ കപ്പലുകൾ ഇതിനോടകം സുരക്ഷിതമായി കടലിടുക്ക് മുറിച്ചുകടന്നു. ഏപ്രിൽ 18-ന് 'ദേശ് ഗരിമ' എന്ന ടാങ്കറാണ് അവസാനമായി മേഖല കടന്നത്. എന്നാൽ ഇതേ ദിവസം തന്നെ 'ജഗ് അർണവ്', 'സൻമാർ ഹെറാൾഡ്' എന്നീ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ സേന വെടിവെപ്പ് നടത്തുകയും ഇവ തിരിച്ചയക്കാൻ നിർബന്ധിതരാവുകയും ചെയ്തിരുന്നു. നിലവിൽ അറബിക്കടലിലെത്തിയ 'ദേശ് ഗരിമ'യ്ക്ക് നാവികസേന അകമ്പടി സേവിക്കുന്നുണ്ട്. കപ്പൽ ഏപ്രിൽ 22ഓടെ മുംബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇറാന്‍റെ എണ്ണക്കയറ്റുമതിയുടെയും ഊർജ്ജ മേഖലയുടെയും കേന്ദ്രമായ ലാറക് ഐലൻഡ് ഹോർമുസ് കടലിടുക്കിലെ ഏറ്റവും ഇടുങ്ങിയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ റഡാർ സംവിധാനങ്ങളുടെയും ബങ്കറുകളുടെയും ശക്തമായ നിരീക്ഷണവലയമുണ്ട്. വേഗതയേറിയ ബോട്ടുകൾ ഉപയോഗിച്ച് കപ്പലുകളെ ആക്രമിക്കാൻ ശേഷിയുള്ള ഇറാന്‍റെ സൈനിക താവളങ്ങളും ഇവിടെ സജീവമാണ്. ലോകത്തെ എണ്ണനീക്കത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്ന ഈ നിർണ്ണായക പാതയിലൂടെയുള്ള യാത്ര ഇപ്പോൾ അതീവ അപകടകരമായി മാറിയിരിക്കുകയാണ്.

നിലവിൽ പതിനാലോളം ഇന്ത്യൻ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കപ്പലുകളുമായി നാവികസേന നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സേനയുടെ പച്ചക്കൊടി ലഭിക്കാതെ മുന്നോട്ട് നീങ്ങരുതെന്നാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. പേർഷ്യൻ ഗൾഫിന് സമീപമായി ഇന്ത്യൻ നാവികസേനയുടെ ഏഴ് യുദ്ധക്കപ്പലുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. കടലിടുക്ക് കടന്നെത്തുന്ന ഇന്ത്യൻ കപ്പലുകൾക്ക് ഈ യുദ്ധക്കപ്പലുകൾ സുരക്ഷാ അകമ്പടി ഉറപ്പാക്കുന്നുണ്ട്. മേഖലയിലെ വർദ്ധിച്ചുവരുന്ന സംഘർഷാവസ്ഥ നാവികസേന അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group