ലോകസമാധാനത്തിനായി ഇടപെട്ട് മാർപാപ്പ; ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രസിഡൻ്റിനോട് ആവശ്യപ്പെട്ടു
വത്തിക്കാൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനോട് മാർപാപ്പ ലിയോ പതിനാലാമൻ ആവശ്യപ്പെട്ടു. ഹെർസോഗുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വത്തിക്കാൻ വ്യക്തമാക്കി. ഇറാനുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കണമെന്നും യുദ്ധമേഖലയിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാനുഷിക മൂല്യങ്ങൾ പാലിക്കണമെന്നും ഇസ്രായേലിനോട് മാർപാപ്പ ആവശ്യപ്പെട്ടതായാണ് വത്തിക്കാനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ ജറുസലേമിലെ ആരാധനാ കേന്ദ്രങ്ങളടക്കം ആക്രമിച്ചുവെന്ന് മാർപാപ്പയോട് പറഞ്ഞതായി ഇസ്രായേൽ പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ലബനനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചും അവിടുത്തെ ക്രൈസ്തവ സമൂഹങ്ങളുടെ സുരക്ഷയെക്കുറിച്ചും മാർപാപ്പയെ ധരിപ്പിച്ചുവെന്നും ഹെർസോഗിൻ്റെ ഓഫീസ് വ്യക്തമാക്കി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായും മാർപാപ്പ ഫോണിൽ സംസാരിച്ചു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും അവിടുത്തെ ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും അന്താരാഷ്ട്ര സമൂഹം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ വംശജനായ ആദ്യ മാർപാപ്പയാണ് ലിയോ പതിനാലാമൻ. ആഗോള ക്രൈസ്‌തവ സമൂഹം ഈസ്റ്റർ ആഘോഷത്തിൻ്റെ മുന്നൊരുക്കത്തിൽ നിൽക്കെയാണ് മാർപാപ്പ ലോകസമാധാനത്തിനുള്ള ഇടപെടൽ നടത്തിയത്.
Post a Comment