Join News @ Iritty Whats App Group

90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം, ട്രംപിന് പുടിന്‍റെ മുന്നറിയിപ്പ്; 'ഇനി സൈനിക നീക്കമുണ്ടായാൽ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ദോഷം'

90 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം, ട്രംപിന് പുടിന്‍റെ മുന്നറിയിപ്പ്; 'ഇനി സൈനിക നീക്കമുണ്ടായാൽ അന്താരാഷ്ട്ര സമൂഹത്തിന് തന്നെ ദോഷം'


മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ 90 മിനിറ്റിലധികം നീണ്ടുനിന്ന ടെലിഫോൺ സംഭാഷണം നടന്നതായി ക്രെംലിൻ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുക്രെയ്ൻ യുദ്ധവുമാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ക്രെംലിൻ പ്രതിനിധി യൂറി ഉഷക്കോവ് പറഞ്ഞു. ചർച്ച വളരെ ഗൗരവകരവും സുതാര്യവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാനെതിരെയോ അയൽരാജ്യങ്ങൾക്കെതിരെയോ അമേരിക്കയും ഇസ്രയേലും വീണ്ടും സൈനിക നടപടി സ്വീകരിച്ചാൽ അത് അന്താരാഷ്ട്ര സമൂഹത്തിന് തന്നെ വലിയ ദോഷമുണ്ടാക്കുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകി. ഇത്തരം നീക്കങ്ങൾ ഒഴിവാക്കണമെന്നും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും പുടിൻ ട്രംപിനോട് ആവശ്യപ്പെട്ടതായും ക്രെംലിൻ അറിയിച്ചു

ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു. ചർച്ചകൾക്ക് അവസരം നൽകുന്ന ഈ നീക്കം മേഖലയിലെ സാഹചര്യം സുസ്ഥിരമാക്കാൻ സഹായിക്കുമെന്ന് പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് റഷ്യയുടെ പൂർണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തെന്നും ക്രെംലിൻ അറിയിച്ചു. അഞ്ചാം വർഷത്തിലേക്ക് കടന്ന യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. യുദ്ധഭൂമിയിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് ട്രംപ് ചോദിച്ചറിഞ്ഞപ്പോൾ, റഷ്യൻ സൈന്യം തന്ത്രപരമായ മുന്നേറ്റം നടത്തുകയാണെന്ന് പുടിൻ മറുപടി നൽകി. യുക്രെയ്ൻ ഭരണകൂടം യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന കാര്യത്തിൽ ഇരു നേതാക്കളും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചതെന്ന് ക്രെംലിൻ അവകാശപ്പെട്ടു.

മെയ് 9-ന് നടക്കുന്ന റഷ്യയുടെ വിജയദിന ആഘോഷങ്ങളോട് അനുബന്ധിച്ച് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കാൻ തയ്യാറാണെന്ന് പുടിൻ അറിയിച്ചു. ഈ നിർദ്ദേശത്തെ ട്രംപ് പിന്തുണച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായാണ് റഷ്യ വിജയദിനം ആഘോഷിക്കുന്നത്. യുക്രെയ്ൻറെ പ്രത്യാക്രമണ ഭീഷണിയുള്ളതിനാൽ ഇത്തവണത്തെ വിജയദിന പരേഡ് നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും നടക്കുകയെന്ന് ക്രെംലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group