പുകവലിക്കാര്‍ക്ക് വീണ്ടും '8' ന്റെ പണി; മെയ് മുതൽ ഓരോ സിഗരറ്റിനും എത്ര രൂപ കൊടുക്കേണ്ടി വരും? വില 17 ശതമാനം വരെ കൂടിയേക്കും
രാജ്യത്തെ പുകവലിക്കാര്‍ക്ക് ഇരുട്ടടിയായി സിഗരറ്റ് വില വീണ്ടും വര്‍ദ്ധിക്കാന്‍ സാധ്യത. പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കളായ ഐടിസിയും, ഗോഡ്‌ഫ്രെ ഫിലിപ്‌സും തങ്ങളുടെ വിവിധ ബ്രാന്‍ഡുകള്‍ക്ക് 17 ശതമാനം വരെ വില വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2026 മെയ് മാസം മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നേക്കും. ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് സിഗരറ്റ് വില നേരത്തെ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില വര്‍ദ്ധനവിനുള്ള നീക്കം നടക്കുന്നത്.
വില കൂടുന്നത് ഇങ്ങനെ:
പ്രധാന ബ്രാന്‍ഡുകളുടെ വിലയില്‍ വലിയ മാറ്റമുണ്ടാകും:
ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയം: നിലവില്‍ ഒരു പാക്കറ്റിന് 115 രൂപയുള്ളത് 135 രൂപയായി ഉയര്‍ന്നേക്കും.
കിംഗ് സൈസ് സിഗരറ്റുകള്‍: ഒരു സിഗരറ്റിന് 20 രൂപയുണ്ടായിരുന്നത് 25 മുതല്‍ 28 രൂപ വരെയായി വര്‍ദ്ധിച്ചേക്കാം.
പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് പുറമെ സാധാരണ ബ്രാന്‍ഡുകള്‍ക്കും വില വര്‍ദ്ധനവ് ബാധകമായേക്കും.
വില്‍പനയിലെ ഇടിവ് തിരിച്ചടിയാകുന്നു
ഫെബ്രുവരി ഒന്നാം തീയതി മുതല്‍ സിഗരറ്റുകളുടെ എക്‌സൈസ് ഡ്യൂട്ടിയില്‍ 30-40% വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. ഇതിനെത്തുടര്‍ന്ന് കമ്പനികള്‍ വില കൂട്ടിയിരുന്നു. വില ഉയര്‍ന്നതോടെ സിഗരറ്റ് വില്‍പനയില്‍ വന്‍ ഇടിവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഏപ്രില്‍ മാസത്തെ കണക്കുകള്‍ പ്രകാരം സിഗരറ്റ് വില്‍പനയില്‍ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഐടിസിയുടെ ക്ലാസിക്, ഗോള്‍ഡ് ഫ്‌ലേക്ക് കിംഗ്‌സ്, ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെ മാര്‍ല്‍ബോറോ തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകളെയാണ് വില്‍പനയിലെ കുറവ് കാര്യമായി ബാധിച്ചത്.
വരുമാനത്തെ ബാധിക്കും
ഐടിസിയുടെയും ഗോഡ്‌ഫ്രെ ഫിലിപ്‌സിന്റെയും ആകെ വരുമാനത്തിന്റെ 30 ശതമാനത്തിലധികം വരുന്നത് കിംഗ് സൈസ് വിഭാഗത്തില്‍ നിന്നാണ്. ഈ വിഭാഗത്തില്‍ വില്‍പന കുറയുന്നത് കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. വില വര്‍ദ്ധനവ് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഐടിസി അധികൃതര്‍ തയ്യാറായിട്ടില്ല. വില കൂടിയതോടെ പല സ്ഥിരം പുകവലിക്കാരും വില കുറഞ്ഞ ബ്രാന്‍ഡുകളിലേക്ക് മാറുന്നതായും വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിയമപ്രകാരമുള്ള മുന്നറിയിപ്പ് : പുക വലി ആരോഗ്യത്തിന് ഹാനികരം
Post a Comment