Join News @ Iritty Whats App Group

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; '30 മിനിട്ട്' താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ

ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; '30 മിനിട്ട്' താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ


ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയെന്നും പടക്കപ്പൽ തടഞ്ഞ് തിരിച്ചയച്ചെന്നും ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ അമേരിക്ക - ഇറാൻ ചർച്ച അടുത്ത ഘട്ടത്തിൽ എത്തി. ഇരു പക്ഷത്തെയും വിദഗ്ധർ ചർച്ച തുടങ്ങി. നേരിട്ടുള്ള ചർച്ചകളാണ് നടക്കുന്നത്. ആണവ പദ്ധതികൾ, യുനേനിയം സമ്പുഷ്ടീകരണം എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായുംചർച്ച നടക്കുന്നത്. മുൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയുടെ മറവിൽ ആക്രമണം നടക്കുമോ എന്ന ജാഗ്രത ഇറാൻ പുലർത്തുന്നുണ്ട്.

അതിനിടെ അഞ്ച് മണിക്കൂറോളം വൈകിയാരംഭിച്ച ചർച്ചയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചർച്ച തുടരുകയാണെന്നും എന്നാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ്, ഈ ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്‍റെ നേതൃത്വത്തിലാണ് യുഎസ് സംഘം ഇസ്ലാമാബാദിൽ ചർച്ചയിൽ പങ്കെടുക്കാനെത്തിയത്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചക്കെത്തി.

ഇറാൻ തകർന്നുകൊണ്ടിരിക്കുന്ന രാജ്യമാണെന്ന് ട്രംപ് പറഞ്ഞു. അധികം വൈകാതെ ഇറാൻ്റെ ഭാവി എന്താണെന്ന് താൻ പറയാം. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും, സമാന്തരമായി മറ്റ് എണ്ണപ്പാതകൾ കൂടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ്റെ സഹകരണത്തോടെയോ അല്ലാതെയോ ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ തുറന്നു കൊടുക്കുമെന്നാണ് ട്രംപിന്‍റെ അവകാശവാദം. പടക്കപ്പലുകളിൽ അത്യാധുനിക ആയുധങ്ങൾ നിറയ്ക്കുകയാണെന്നും സമാധാനം ഉണ്ടായില്ലെങ്കിൽ അവ ഉപയോഗിക്കുമെന്നും ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. അതേസമയം അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ ലംഘിക്കാതിരുന്നാൽ മാത്രമേ ചർച്ചകൾ കൊണ്ട് ഗുണമുണ്ടാകൂ എന്നാണ് ഇറാൻ്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞത്.

Post a Comment

Previous Post Next Post
Join Our Whats App Group