പാചക വാതകത്തിനു പിന്നാലെ കുടിവെള്ള ക്ഷാമവും രൂക്ഷം
കണ്ണൂർ: വേനല്‍ കടുത്തതോടെ ജില്ലയിലെ വിവിധയിടങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. വാട്ടർ അതോറിറ്റിയുടെ ജലവിതരണം ഭാഗികമായി നടക്കുന്നുണ്ടെങ്കിലും പ്രതിസന്ധി കനക്കുകയാണ്.
പാചക വാതക ക്ഷാമത്താല്‍ നട്ടംതിരിയുന്നതിനിടെ കുടിവെള്ളവും കിട്ടാതായതോടെ ജനജീവിതം ദുസ്സഹമാകുകയാണ്.
കുടിവെള്ള പ്രതിസന്ധി കാരണം ജനം കുടിയൊഴിയേണ്ട അവസ്ഥയിലാണ്. സ്വന്തമായി കിണറുള്ളവർക്ക് പോലും വരള്‍ച്ച കടുത്തതോടെ ജലക്ഷാമം നേരിടുന്നുണ്ട്. നഗര മേഖലയിലുള്ളവരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഈ വർഷം ജനുവരി മുതല്‍ തന്നെ മിക്ക കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു.
വാട്ടർ അതോറിറ്റിയുടെ ജലത്തെ ആശ്രയിച്ച് മാത്രം ഇനി മുമ്പോട്ട് പോകാനികില്ലെന്ന നിലപാടിലാണ് ജലക്ഷാമം അനുഭവിക്കുന്ന പ്രദേശവാസികള്‍ പറയുന്നത്. മിക്കയിടത്തും പ്രാഥമിക ആവശ്യങ്ങള്‍ക്ക് വരെ ജലം പണം കൊടുത്തുവങ്ങേണ്ട അവസ്ഥയാണ്.
ചിറക്കല്‍, ആറളം പുനരധിവാസ മേഖല, ചെറുപുഴ എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. ചിറക്കല്‍ പഞ്ചായത്തില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടേണ്ടി വരുന്നത്. കുടിവെള്ളത്തിനോ പ്രാഥമിക ആവശ്യത്തിനോ ജലം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചിറക്കല്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം നടത്തിയിരുന്നു. കുടിവെള്ള വിതരണം നടത്തേണ്ട പൈപ്പുകള്‍ പൊട്ടി ജലം പാഴായി പോകുന്ന അവസ്ഥയുമുണ്ട്. ഇതിനൊന്നും പരിഹാരം കാണാതെയാണ് വാട്ടർ അതോറിറ്റി പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വർഷങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരെന്നും ഇവർ പറയുന്നു. കക്കാട്, ചിറക്കല്‍, പുതിയതെരു, എളയാവൂർ ഭാഗങ്ങളില്‍ കുടിവെള്ള സ്രോതസ്സുകളിലെ ജലലഭ്യത നന്നേ കുറഞ്ഞ നിലയിലാണ്.
സംരക്ഷണമില്ലാതെ ജലസ്രോതസുകള്‍
നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള പൊതുകിണറുകളും മറ്റ് സ്രോതസ്സുകളും സംരക്ഷിക്കാത്തത് വെല്ലുവിളിയാണ്. പതിറ്റാണ്ടുകളോളം ഉപയോഗിച്ചിരുന്ന ജലസ്രോതസ്സുകളെല്ലാം മാലിന്യം നിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരം ജലസ്രോതസുകളെ സംരക്ഷിക്കാൻ മുൻപോട്ട് വരാത്തത് വെല്ലുവിളിയാണ്.
വെള്ളക്കച്ചവടം വ്യാപകം
ജലക്ഷാമം കനത്തതോടെ ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളക്കച്ചവടം വ്യാപകം. ജില്ലയിലെ വിവിധ ജലസ്രോതസുകളില്‍ നിന്ന് ശുദ്ധീകരിച്ച വെള്ളമാണ് പലരും പ്രാഥമിക ആവശ്യങ്ങള്‍ക്ക് വരെ പണം കൊടുത്ത് വാങ്ങുന്നത്. എന്നാല്‍ വിലയ്ക്ക് വാങ്ങുന്ന വെള്ളത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താനുള്ള സംവിധാനം ഇല്ലാത്തത് വെല്ലുവളിയാണ്. ഏപ്രല്‍, മേയ് മാസമാകുമ്പോള്‍ വരള്‍ച്ച ശക്തിപ്പെടുന്നതോടെ ജലത്തിന്റെ ആവശ്യം അധികരിക്കും.
വ്യാപാരികളും ദുരിതത്തില്‍
നഗരത്തിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. കച്ചവട സ്ഥാപനങ്ങള്‍ വൻ വില കൊടുത്താണ് ജലം സംഭരിക്കുന്നത്. ചില ഹോട്ടലുകള്‍ക്ക് സ്വന്തമായി കിണറുണ്ടെങ്കിലും ജലലഭ്യത കുറഞ്ഞ നിലയിലാണ്. ജലക്ഷാമം കൂടുതല്‍ രൂക്ഷമായാല്‍ ഹോട്ടലുകളുടെയും കൂള്‍ബാറുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലാകും.
إرسال تعليق