Join News @ Iritty Whats App Group

'അന്തസ്സോടെ മരിക്കാനുള്ള അവകാശവും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കണം', അടിയന്തര നിയമനിർമ്മാണം ആവശ്യപ്പെട്ട് എംപി ഹാരിസ് ബീരാൻ

'അന്തസ്സോടെ മരിക്കാനുള്ള അവകാശവും ശാസ്ത്രീയ പരിചരണവും ഉറപ്പാക്കണം', അടിയന്തര നിയമനിർമ്മാണം ആവശ്യപ്പെട്ട് എംപി ഹാരിസ് ബീരാൻ


ദില്ലി: മാരകമായ രോഗാവസ്ഥയിൽ കഴിയുന്നവർക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശവും ശാസ്ത്രീയമായ സാന്ത്വന പരിചരണവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി നിയമനിർമ്മാണം നടത്തണമെന്ന് മുസ്ലിം ലീഗ് എം പി ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഇന്ന് ശൂന്യവേളയിൽ വിഷയം ഉന്നയിച്ച എംപി, പതിമൂന്ന് വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞ ഹരീഷ് റാണയുടെ ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കാൻ അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി ചൂണ്ടിക്കാട്ടിയാണ് ഈ വിഷയത്തിന്മേലുള്ള പാർലമെന്‍റിന്‍റെ നിശബ്ദതയെ വിമർശിച്ചത്.

ഹരീഷ് റാണയുടെ കുടുംബം അനുഭവിച്ച മാനസികവും നിയമപരവുമായ പോരാട്ടങ്ങളെക്കുറിച്ച് പരാമർശിച്ച ഹാരിസ് ബീരാൻ, ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൽ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഉൾപ്പെടുമെന്ന് സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ള കാര്യം സഭയെ ഓർമ്മിപ്പിച്ചു. എന്നാൽ നിയമനിർമ്മാണം ഇല്ലാത്തതിനാൽ ഓരോ തവണയും കോടതികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടി വരുന്നത് ഭരണഘടനാപരമായ പോരായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2006 ലും 2012 ലും ലോ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടുകളും അതിനോടൊപ്പമുള്ള കരട് നിയമങ്ങളും നടപ്പിലാക്കാൻ ദശാബ്ദങ്ങൾ പിന്നിട്ടിട്ടും പാർലമെന്‍റിന് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ ചെലവുകളുടെ ഭൂരിഭാഗവും സാധാരണക്കാരായ കുടുംബങ്ങൾ നേരിട്ട് വഹിക്കേണ്ടി വരുന്ന സാഹചര്യത്തിൽ, ഇത്തരം ഗുരുതരമായ രോഗാവസ്ഥയിലുള്ളവർക്ക് നീണ്ടുനിൽക്കുന്ന ചികിത്സ നൽകുന്നത് കുടുംബങ്ങളെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് എത്തിക്കുന്നുണ്ടെന്ന് എംപി വ്യക്തമാക്കി. വ്യക്തമായ നിയമത്തിന്‍റെ അഭാവത്തിൽ നിയമനടപടികൾ ഭയന്ന് പലപ്പോഴും ഡോക്ടർമാരും ആശുപത്രി അധികൃതരും തീരുമാനങ്ങൾ എടുക്കാൻ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല വികസിത രാജ്യങ്ങളിലും ഇത്തരം സാഹചര്യങ്ങൾ നേരിടാൻ വ്യക്തമായ നിയമങ്ങളുണ്ടായിട്ടും ഇന്ത്യയിൽ അത് വൈകുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാന്ത്വന പരിചരണ രംഗത്ത് കേരളം നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ രാജ്യമാകെ വ്യാപിപ്പിക്കണമെന്നും ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ട് കേരളം നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ സംവിധാനം ലോകത്തിന് തന്നെ മാതൃകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലാ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സാന്ത്വന പരിചരണ സംവിധാനം നിർബന്ധമാക്കണമെന്നും ഇതിനായി 'മെഡിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ടെർമിനലി ഇൽ പേഷ്യന്റ്‌സ് ആക്ട്' സർക്കാർ അടിയന്തരമായി പാർലമെന്റിൽ അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭയിലുണ്ടായിരുന്ന കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ ശ്രദ്ധയിലേക്ക് അദ്ദേഹം ഈ വിഷയം നേരിട്ട് സമർപ്പിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group