Join News @ Iritty Whats App Group

പശ്ചിമേഷ്യയിലെ സംഘര്‍ഷം; നിര്‍ണായക നീക്കവുമായി ഇന്ത്യ, ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് എസ്‍ ജയശങ്കര്‍

പശ്ചിമേഷ്യയിലെ സംഘര്‍ഷം; നിര്‍ണായക നീക്കവുമായി ഇന്ത്യ, ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് എസ്‍ ജയശങ്കര്‍


ദില്ലി: പശ്ചിമേഷ്യയിൽ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി എസ്‍ ജയശങ്കര്‍. സംഘര്‍ഷം തുടരുന്നത് പശ്ചിമേഷ്യയിലെ ഇന്ത്യൻ സമൂഹമടക്കം കടുത്ത ആശങ്കയിൽ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ നിര്‍ണായക നീക്കം. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചി ഇന്ന് ഉച്ചയ്ക്കുശേഷമാണ് എസ് ജയശങ്കര്‍ ഫോണിൽ സംസാരിച്ചത്. ജയശങ്കര്‍ തന്നെയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.

എന്താണ് ഇരുവരും സംസാരിച്ചതെന്ന് എസ് ജയശങ്കര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. അമേരിക്കൻ - ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് എസ് ജയശങ്കര്‍ ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചെന്ന വിവരവും പുറത്തുവരുന്നത്. ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദില്ലിയിലെ ഇറാൻ എംബസി സന്ദർശിച്ച് ഖമനേയിയുടെ മരണത്തിൽ അനുശോചനം അറിയിച്ചത്.

എംബസിയിൽ തയ്യാറാക്കിയ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഖമനേയി വധത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമ‍ർശനം ഉയർത്തിയിരുന്നു. സർക്കാരിന്‍റെ മൗനം ഇന്ത്യക്ക് നാണക്കേടാണ് എന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഇതിന് പിന്നാലെയാണ് ഇന്ത്യ, ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയതും ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള സംഭാഷണവും നടന്നത്.

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്ന ലോകക്രമം വേണമെന്ന് മോദി

അതേസമയം, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്ന ലോകക്രമം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം ഒന്നിനും ഒരു പരിഹാരമല്ലെന്നും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും നരേന്ദ്രമോദി ആവർത്തിച്ചു. ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിലാണ് മോദിയുടെ പരാമർശം. ആ​ഗോള പ്രതിസന്ധികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം ഉടനെ നടപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു. എന്നാൽ ഇറാനെ കുറിച്ചോ അമേരിക്ക ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പൽ ആക്രമിച്ചതിനെ കുറിച്ചോ മോദി പരാമർശിച്ചില്ല

Post a Comment

أحدث أقدم
Join Our Whats App Group