'ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും പത്രികയിൽ മറച്ചുവെച്ചു'; പിവി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്:ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പിവി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും നാമനിർദേശപത്രികയിൽ മറച്ചുവച്ചെന്നാണ് പരാതി. കൊല്ലം സ്വദേശിയും വ്യവസായിയുമായി മുരുഗേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. ഫോണ്‍ ചോർത്തലിൽ അൻവറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തത് മുരുഗേഷിന്റെ പരാതിയിലായിരുന്നു. മലപ്പുറം കൂമംകുളത്ത് അന്‍വറിന്റെ പേരിലുള്ള 5 കെട്ടിടങ്ങളുടെ വിവരവും അന്‍വറിന്റെ ആദ്യ ഭാര്യ ഷീജയുടെ പേരിലുള്ള 8 കെട്ടിടങ്ങളുടെ വിവരങ്ങളും മറച്ചുവച്ചതായും പരാതിയിൽ ആരോപണമുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന ഇലക്ടറല്‍ ഓഫീസർ, ബേപ്പൂര്‍ നിയോജകമണ്ഡലം റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. മുഹമ്മദ് റിയാസ് ആണ് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി.
മുഹമ്മദ് റിയാസിനെതിരെ വിമർശനവുമായി പിവി അന്‍വർ
റീൽസും വള്ളം കളിയും അല്ലാതെ ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസിന് ഒന്നും പറയാനില്ലെന്ന് യുഡിഎഫ് പിവി അൻവർ. അകാശത്തേക്ക് ബലൂൺ വിട്ട് നടക്കുന്ന റിയാസ് ഭൂമിയിലേക്ക് ഇറങ്ങിയത് തെരഞ്ഞെടുപ്പ് വന്നോപ്പോഴാണ്. ഈ തെരഞ്ഞെടുപ്പോടെ പിണറായിസത്തിനും മരുമോനിസത്തിനും അന്ത്യമാകുമെന്നും പിവി അൻവർ പറഞ്ഞു.
അതേസമയം, ബേപ്പൂര്‍ മണ്ഡലത്തില്‍ തന്റെ വിജയത്തില്‍ നിര്‍ണ്ണായകമാവുക കാലിക്കറ്റ് ബൈപ്പാസ് ഉള്‍പ്പെടെയുള്ള റോഡ് വികസപ്രവര്‍ത്തനങ്ങളായിരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇക്കുറി ഭൂരിപക്ഷം കൂടും. മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡീല്‍ ആരോപണം ഉന്നയിക്കുന്നത്. ആരാണ് ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്ന് വോട്ട് എണ്ണിക്കഴിഞ്ഞ ശേഷം മനസിലാകുമെന്നും റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി ഉറച്ചുനിൽക്കുന്ന ബേപ്പൂർ ഇത്തവണ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാകുകയാണ്. സംസ്ഥാനത്തെ 'യുവരാജാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്ത്രി പിഎ മുഹമ്മദ് റിയാസും, സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ ജനവിധി തേടുന്ന പിവി അൻവറും നേർക്കുനേർ വരുമ്പോൾ ബേപ്പൂർ തീപാറുന്ന പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. അഡ്വ കെപി പ്രകാശ് ബാബുവാണ് ബേപ്പൂരിൽ ബിജെപിക്കുവേണ്ടി രംഗത്ത് ഇറങ്ങുന്നത്.
إرسال تعليق